Thursday, March 13, 2014

നിങ്ങളില്‍ ആത്മാഭിമാനമില്ലാത്തവര്‍ റാഗ് ചെയ്യട്ടെ !


റാഗിംഗ് : നിര്‍വചനം

കേരള റാഗിംഗ് തടയല്‍ നിയമം (1998) പ്രകാരം റാഗിംഗ് എന്നാല്‍ - മാനസികമായോ ശാരീരികമായോ വേദനയുളവാക്കുന്ന തരത്തില്‍ പീഡിപ്പിക്കുകയോ , അഭിമാനക്ഷതം വരുത്തുന്ന രീതിയിലുള്ള തമാശകള്‍ക്ക് വിധേയമാക്കുകയോ , ഒരു വിദ്യാര്‍ഥി സ്വമേധയാ ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഒരു പ്രവൃത്തി ചെയ്യുവാന്‍ സമ്മര്‍ദം ചെലുത്തുകയോ ചെയ്യുന്നതാണ് റാഗിംഗ് . ( അങ്ങനെയെങ്കില്‍ അസൈന്മെന്റ് ചെയ്യുവാന്‍ സമ്മര്‍ദം ചെലുത്തിയതിന് ടീച്ചര്‍ക്കെതിരെ കേസ് കൊടുത്താലോ എന്നാലോചിക്കുന്നുണ്ടാവും ചില കശ്മലന്മാര്‍ , ഡോണ്ടൂ ഡോണ്ടൂ :) )

ഇന്ത്യയില്‍ റാഗിംഗ് എന്ന് വിളിക്കുന്ന ഈ പ്രവൃത്തി പാശ്ചാത്യലോകത്തെ ഹേസിംഗ് (HAZING) എന്ന പ്രവൃത്തിയോടു സാമ്യമുള്ളതാണ് . മിലിട്ടറി പോലുള്ള പ്രത്യേക സാഹചര്യങ്ങളിലേക്ക് വരുന്ന പുതുമുഖങ്ങളെ ആ അന്തരീക്ഷത്തിലേക്ക് വിളക്കിച്ചേര്‍ക്കുന്നതിന്റെ ഭാഗമാണ് ഹേസിംഗ് , എങ്കിലും നമ്മെക്കാള്‍ ചെറിയ തോതില്‍ രഹസ്യമായി പാശ്ചാത്യ വിദ്യാഭ്യാസരംഗത്തും ഹേസിംഗ് ഉണ്ട് . അമേരിക്കയിലെ 50 സ്റ്റേറ്റുകളില്‍ 44 സ്റ്റേറ്റുകള്‍ ഹേസിംഗ് നിയമവിരുദ്ധമാക്കിയിട്ടുണ്ട് .
ഹേസിങ്ങും റാഗിങ്ങും തമ്മിലുള്ള വ്യത്യാസം അന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം , റാഗിംഗ് ഒരു കൂട്ടര്‍ തങ്ങളുടെ സീനിയോരിറ്റി അരക്കിട്ടുറപ്പിക്കുവാന്‍ നടത്തുന്ന ഒരുതരം സാഡിസ്റ്റ് പ്രവൃത്തി ആണെങ്കില്‍ , ഹേസിംഗ് സാഹചര്യവുമായി പൊരുത്തപ്പെടുവിക്കുവാനുള്ള ഒരു Peer training എന്ന നിലയില്‍ കാണേണ്ടി വരും . എങ്കില്‍ തന്നെയും രണ്ടും മനുഷ്യാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമാണ് .


പ്രേരകഘടകങ്ങള്‍ :

സാഡിസം (Sadism) :
മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ മാനസികോല്ലാസം കണ്ടെത്തുന്നതിനെ സാഡിസം എന്ന് വിളിക്കാം . Sadistic Personality Disorder എന്ന ഈ വൈകല്യം പലരിലും ചെറിയ അളവിലെങ്കിലും കാണും . സാഡിസത്തിന്‍റെ ഉത്ഭവകാരണങ്ങള്‍ ശാസ്ത്രീയമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല . സാഡിസ്റ്റ് മനസ്ഥിതിയാണ് റാഗിംഗ് ചെയ്യുന്നവരുടെ മുഖ്യ പ്രചോദനം . ഇനി അഥവാ സാഡിസ്റ്റ് ചിന്താഗതി ഉള്ളയാളല്ലെങ്കിലും റാഗിംഗ് ആസ്വദിക്കാന്‍ തുടങ്ങുതോടെ ഒരാളില്‍ സാഡിസം വളരുന്നു . റാഗിങ്ങും സാഡിസവും വളരെയധികം പരസ്പരബന്ധിതമാണ് . സമൂഹത്തിന്‍റെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ തകര്‍ക്കുന്നതും ക്രിമിനല്‍ മനസ്ഥിതിയെ പ്രചോദിപ്പിക്കുന്നതുമായ ഗുരുതരമായൊരു മാനസികവൈകല്യമാണ് സാഡിസം എന്നറിയുക .

ചെയിന്‍ റിയാക്ഷന്‍ (Chain Reaction) :
റാഗിംഗ് ചെയ്യുന്നവരില്‍ ഇനി ഒരു വിഭാഗം തനിക്ക് കിട്ടിയത് കൊടുത്തു തീര്‍ക്കുന്നവരാണ് ."ഞങ്ങളുടെ സീനിയേഴ്സ് ചെയ്ത റാഗിംഗ് , അതാണ്‌ റാഗിംഗ് . നിങ്ങള്‍ അത്രയൊന്നും അനുഭവിച്ചില്ലല്ലോ " . അത്യാവശ്യം പോക്കിരിത്തരം കാണിച്ചിട്ടും നൊസ്റ്റാള്‍ജിക്ക് സ്റ്റൈലില്‍ നിന്ന് ഇമ്മാതിരി ഡയലോഹ് അടിക്കുന്നത് ഈ വിഭാഗത്തില്‍ പെട്ടവരുടെ രോഗലക്ഷണമാണ് . അവര്‍ തന്‍റെ ഇരയെ ആശ്വസിപ്പിക്കുന്നത് ചിലപ്പോള്‍ ഇങ്ങനെയാവാം - " സാരമില്ലെടാ , അടുത്ത വര്‍ഷം നിങ്ങള്‍ക്കും റാഗ് ചെയ്യാം " . റാഗിങ്ങിനുള്ള അവരുടെ പ്രേരണ ഇത്രേയുള്ളൂ - "അതിപ്പോ ഓരോരോ ആചാരങ്ങളാവുമ്പോ ........." .

ആത്മവിശ്വാസമില്ലായ്മ :
ഇനിയൊരു വിഭാഗം Peer pressure കാരണം റാഗിംഗ് നേതാവ് ആയി അഭിനയിക്കുന്നവരാണ് . ഒരല്‍പം ആര്‍ദ്രതയും സ്നേഹവുമൊക്കെ സ്വഭാവത്തിലുണ്ടാവുന്നത് പൗരുഷലക്ഷണമല്ല എന്ന മൌഡ്യം കൊണ്ടുനടക്കുന്ന യുവതുര്‍ക്കികള്‍ . റാഗിംഗ് എന്ന പേക്കൂത്ത് എതിര്‍ക്കുന്നതോ അതില്‍ നിന്ന് വിട്ടു നില്‍ക്കുന്നതോ തന്‍റെ പൗരുഷത്തെ ചോദ്യം ചെയ്യുവാന്‍ ഇടയാക്കുമെന്ന ആത്മവിശ്വാസക്കുറവ് , മനസിഷ്ടപ്പെടാതിരുന്നിട്ടും റാഗിംഗ് മാമാങ്കത്തില്‍ പങ്കാളികളാകുവാന്‍ അവരെ പ്രേരിപ്പിക്കുന്നു .

റാഗിങ്ങിന്‍റെ അനന്തരഫലങ്ങള്‍ :

ശാരീരികമായ മുറിവുകള്‍ ചില കേസുകളില്‍ ഉണ്ടാവാറുണ്ടെങ്കിലും ഒട്ടുമിക്ക സന്ദര്‍ഭങ്ങളിലും കഠിനമായ മാനസികസമ്മര്‍ദവും മറ്റും ഉണ്ടാവുന്നു . ദീര്‍ഘകാലത്തെക്കുള്ള മാനസിക ഒടിവും ചതവും സംഭവിക്കുന്നു ചിലര്‍ക്ക് . ചിലര്‍ വിഷാദരോഗങ്ങളിലെത്തുന്നു . ഇര പോലും അറിയാതെയായിരിക്കും മിക്കപ്പോഴും ഇത്തരം മാനസികവൈകല്യങ്ങള്‍ക്ക് അവന്‍/അവള്‍ ഇരയായിട്ടുണ്ടാവുക എന്നറിയുക .

ഓരോ മനുഷ്യന്‍റെയും മസ്തിഷ്കം ജനനം മുതല്‍ കൗമാരം വരെയുള്ള കാലഘട്ടത്തില്‍ ആകൃതിപ്പെടുന്നു . ഇതിനെ Synaptic Pruning എന്ന് പറയും . കൗമാരം അവസാനിക്കുന്നതോടെ ഒരാളുടെ വ്യക്തിത്വം ഏകദേശം പൂര്‍ണരൂപം കൈവരിക്കും . കൂടുതല്‍ വ്യതിയാനങ്ങള്‍ ഉള്‍കൊള്ളാനാവാത്ത വിധം മസ്തിഷ്കത്തിന്റെ Synaptic Plasticity അതിന്‍റെ പാരമ്യത്തിലെത്തുന്നു .

കൗമാരത്തെ വ്യക്തിത്വവികസനത്തിന്‍റെ അവസാന റൗണ്ട് എന്ന് വേണമെങ്കില്‍ പറയാം . അതായത് , എടുക്കാനുള്ളതൊക്കെ എടുത്തോണം , വണ്ടി ഇപ്പൊ സ്റ്റേഷന്‍ വിടും , പിന്നെ എന്തേലും വേണമെങ്കില്‍ കുറച്ചു ബുദ്ധിമുട്ടാണ് . വിദ്യാഭ്യാസരംഗത്തെ റാഗിംഗ് അധികവും നടക്കുന്നത് കൗമാരത്തില്‍ നിന്ന് യുവത്വത്തിലേക്ക് കടക്കുന്ന ഈ അവസാന സ്റ്റേജിലാണ് എന്നത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ് . 13-25 കാലഘട്ടത്തില്‍ ഉപയോഗിക്കപ്പെടാതിരുന്ന കഴിവുകള്‍ നശിച്ചുപോവും എന്ന് പഠനങ്ങള്‍ പറയുന്നു . അപ്പോള്‍ റാഗിങ്ങിന്‍റെ കഠിനമായ മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോവുന്ന കൗമാര മസ്തിഷ്കം എങ്ങനെയാവും രൂപപെടുക ? തദ്വാരാ , മൊത്തം സമൂഹത്തിന്‍റെ മാനസികാരോഗ്യത്തെയല്ലേ അത് ബാധിക്കുക ? എന്തിന് വേണ്ടി ? എന്നിട്ടെന്ത് നേടുന്നു ?

യുവത്വവും കൗമാരവുമൊക്കെ സ്വതവേ കലുഷിതമായ ഒരു കാലഘട്ടമാണ് . പഠനം , ജോലി , ലൈംഗീകത , വിപ്ലവാത്മകത എന്നിങ്ങനെ പലതരം വിഷയങ്ങളില്‍ ഇടം കണ്ടെത്താനുള്ള കടുത്ത സമ്മര്‍ദങ്ങള്‍ ആ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണ് . അതിനു പുറമേ ഇത്തരം ക്രൂര വിനോദങ്ങള്‍ കൂടി ആചാരമായി അംഗീകരിച്ചാല്‍ സാമൂഹികാഭിവൃദ്ധിയെ തന്നെ അത് തളര്‍ത്തും എന്നത് കാണാതെ പോകരുത് .
ശ്രദ്ധേയമായ സംഭവങ്ങള്‍ :

റാഗിംഗ് ഏറ്റവും കൂടുതലുള്ള രാജ്യമായി അറിയപ്പെടുന്നത് ശ്രീലങ്കയാണ് . ഇന്ത്യയും മോശമല്ല . ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഉത്തര്‍പ്രദേശാണ്‌ .

1996 നവംബറില്‍ മെഡിക്കല്‍ വിദ്യാര്‍ഥി പൊന്‍ നവരസുവിന്റെ ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ച സംഭവം , റാഗിംഗ് എന്ന ഈഗോ വിനോദം എത്രത്തോളം ഗുരുതരരൂപം കൈവരിക്കാം എന്നതിന്‍റെ ഭീകരമായ ഉദാഹരണമാണ് . പൊന്‍ നവരസുവിനോട് ജോണ്‍ ഡേവിഡ് എന്ന സീനിയര്‍ ആവശ്യപ്പെട്ടത് ചെരുപ്പിന്‍റെ സോള്‍ നക്കുവാനാണ് .വിസമ്മതിച്ച പൊന്‍ നവരസുവിനെ ജോണ്‍ ഡേവിഡ് കൊലപ്പെടുത്തുകയും തന്‍റെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് തുണ്ടം തുണ്ടമാക്കി തമിഴ്നാടിന്‍റെ പല ഭാഗങ്ങളിലായി വിതറുകയും ചെയ്തു . 1998-ഇല്‍ ജില്ലാ കോടതി ജോണ്‍ ഡേവിഡിനെ ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ചു . 2001 - ല്‍ മദ്രാസ് ഹൈക്കോടതി ജോണിനെ ശിക്ഷയില്‍ നിന്നും വിമുക്തനാക്കി . 2011 - ല്‍ സുപ്രീംകോടതി കേസിലെ കീഴ്ക്കോടതി ഉത്തരവ് ശരിവെക്കുകയും ഇരട്ട ജീവപര്യന്തത്തിന് വിധിക്കുകയും ചെയ്തു . അങ്ങനെ ജോണ്‍ 2011 മുതല്‍ വീണ്ടും അഴികള്‍ക്കുള്ളിലായി .

2009 - ല്‍ മാര്‍ച്ച്‌ -7 നു റാഗിങ്ങിനിടയിലെ കഠിനമര്‍ദനത്തെ തുടര്‍ന്ന് മസ്തിഷ്കത്തിലെ അമിത രക്തസ്രാവം മൂലം 19കാരനായ ഹിമാചല്‍ പ്രദേശിലെ മെഡിക്കല്‍ വിദ്യാര്‍ഥി അമന്‍ കച്ച്റൂ മരണപ്പെട്ടത് രാജ്യത്ത് കോളിളക്കം സൃഷ്ടിക്കുകയും റാഗിംഗ് വീണ്ടും ചര്‍ച്ചാവിഷയം ആവുകയും ചെയ്തു . ആ കേസില്‍ നാല് സീനിയര്‍ വിദ്യാര്‍ഥികള്‍ നാല് വര്‍ഷത്തേക്ക് കഠിനതടവിന് ശിക്ഷിക്കപ്പെട്ടു . ശിക്ഷ തീരാന്‍ ഒന്‍പത് മാസം ബാക്കിയിരിക്കെ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ നല്ല നടപ്പിന്റെ ആനുകൂല്യത്തില്‍ നാല് പേരും ജയില്‍മോചിതരായി ."രാജ്യത്തെ പ്രധാനപ്പെട്ട ഒരു പ്രശ്നമായി റാഗിങ്ങിനെ കാണാന്‍ കഴിയാത്ത ഹിമാചല്‍ പ്രദേശ്‌ സര്‍ക്കാരിനോട് സഹതാപം തോന്നുന്നു " എന്നാണ് ഇരയുടെ പിതാവ് രാജ് കച്ച്റൂ പ്രതികരിച്ചത് .

കുറച്ചു കാലമായി എഴുതണം എന്ന് കരുതിയ ഈ വിഷയം ഇപ്പോള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ച സംഭവം മലയാളി വിദ്യാര്‍ഥി അഹാബ് ഇബ്രാഹീമിന്‍റെ മരണമാണ് . ബംഗലൂരുവില്‍ ക്രൂരമായ റാഗിങ്ങിനു ഇരയായി അഹാബ് മരണപ്പെട്ടത് കഴിഞ്ഞയാഴ്ച . ഇത്തരം വിഷയങ്ങള്‍ പുറത്തുപറയാന്‍ തന്നെ പലര്‍ക്കും പേടിയാണ്  . കാരണം അവിടെ ഇരയുടെ ഈഗോയും ഒരു പ്രശ്നം തന്നെയാണ് . അഹാബിന്‍റെ മരണത്തെ കുറിച്ച റിപ്പോര്‍ട്ട്  ഇവിടെ വായിക്കാം .

ഇന്ത്യന്‍ ക്രിക്കെറ്റര്‍ സുരേഷ് റെയ്നയുടെ അനുഭവവും ശ്രദ്ധേയമാണ് . പഠനകാലത്ത്‌ , സ്പോര്‍ട്സ് സ്കൂളിലെ റാഗിങ്ങിന്റെ ആഘാതത്തില്‍ പെട്ട് സുരേഷ് റെയ്ന വീട്ടിലേക്ക് മടങ്ങിയിരുന്നു . ആറു മാസത്തോളം അദ്ദേഹം വീട്ടിലിരുന്നു . മനസിനെ സമനിലയിലെത്തിക്കുവാനുള്ള വീട്ടുകാരുടെ  ശ്രമം അവസാനം വിജയം കണ്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ ക്രിക്കെറ്റ്ടീമില്‍ സാന്നിധ്യമുറപ്പിച്ച ഒരു പ്രതിഭയുള്ള ക്രിക്കെറ്റര്‍ ഉണ്ടാവില്ലായിരുന്നു .

ഇവിടെ ചിലര്‍ക്ക് തോന്നാവുന്ന ഒരു സംശയമുണ്ട് - രാഷ്ട്രീയത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നു , എന്നുകരുതി രാഷ്ട്രീയം നിരോധിക്കാമോ ? ഇങ്ങനെ പല മേഖലകളിലും കാര്യങ്ങള്‍ കൈവിട്ടു പോവുന്നു , അതൊക്കെ നിരോധിക്കുകയാണോ വേണ്ടത് ? ഒന്നാമതായി, അക്രമങ്ങള്‍ എവിടെയും പ്രോല്‍സാഹിപ്പിക്കെടുന്നില്ല . രണ്ടാമതായി , ചില നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് രാഷ്ട്രീയം നിലകൊള്ളുന്നത് . രാഷ്ട്രീയം ഒരു അനിവാര്യതയാണ് . അതിലെ അക്രമം മാത്രമേ ഇനി തുടച്ചുമാറ്റേണ്ടതുള്ളൂ . എന്നാല്‍ റാഗിംഗ് എന്നത് സ്വതവേ തന്നെ അക്രമസ്വഭാവമുള്ള ഒരു സാഡിസ്റ്റ് വൈകൃതമാണ് . റാഗിംഗ് ഒരിക്കലും ഒരു അനിവാര്യതയല്ല . അഹാബിന്റെ കുടുംബത്തിന്‍റെ കണ്ണുനീര്‍ വെറും ഒരു ക്രൂരവിനോദത്തിന്റെ ഫലമാണ് . അത് പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്ക് അഹാബിനെ പോലെ ജീവിതം നശിച്ച പലരോടും ഉത്തരം പറയാനുണ്ട് .Pro-ragging arguments (റാഗിംഗ് അനുകൂല വാദങ്ങള്‍)

കടുപ്പം കുറഞ്ഞ റാഗിംഗ് ആവാം എന്നതാണ് പ്രധാന വാദം . പക്ഷെ റാഗിങ്ങിനെ കുറിച്ച് മനസിലാക്കുമ്പോള്‍ അതില്‍ "നിഷേധിക്കുക" എന്നൊരു ഓപ്ഷന്‍ ഇല്ല എന്ന് മനസിലാക്കണം . ഈഗോയുടെയും സാഡിസത്തിന്‍റെയും ഒരു സങ്കീര്‍ണമിശ്രിതമാണ് റാഗിംഗ് എന്ന കല . "പാട്ട് പാടെടാ " എന്ന് പറഞ്ഞാല്‍ "നാളെ ഇതേ സമയം ഇവിടെ വച്ച് കാണുവാണേല്‍ പാടിത്തരാം ചേട്ടാ , ഇപ്പം സിനിമക്ക് പോവാണ് " എന്ന് പറയാനുള്ള സ്പേസ് റാഗിങ്ങില്‍ ഇല്ല . അങ്ങനെ പറഞ്ഞാല്‍ പറഞ്ഞവന്‍റെ ജീവിതം കോഞ്ഞാട്ടയാക്കിയില്ലെങ്കില്‍ അത് സീനിയറുടെ 'ഇമേജിന്' മോശമാണ് .

സഭാകമ്പം ഇല്ലാതാക്കുവാനും പ്രശ്നങ്ങളെ നെഞ്ചുവിരിച്ച് നേരിടുവാന്‍ പ്രാപ്തമാക്കുവാനും റാഗിംഗ് നല്ലതാണ് എന്നൊരു വാദമുണ്ട് . ശരിക്കും ? തെറിവിളി ശീലമില്ലാത്ത ഒരു വിദ്യാര്‍ഥി തന്‍റെ കൂട്ടുകാരനെ റാഗിങ്ങിന്റെ ഭാഗമായി തെറി വിളിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ , സീനിയറുടെ കാലു നക്കാന്‍ പറയുമ്പോള്‍ , അര്‍ദ്ധ-നഗ്നനാക്കപ്പെടുമ്പോള്‍ , ഇല്ലാതാവുന്നത് ആത്മാഭിമാനമാണ് , സഭാകമ്പമല്ല .

സീനിയേഴ്സിനെ പരിചയപ്പെടുവാനും ഇടപഴകുവാനുമുള്ള(മിംഗ്ലിങ്ങ്) ഒരു മാര്‍ഗമായി റാഗിങ്ങിനെ കാണുന്നവരുണ്ട് . അതിനു ഇതിനേക്കാള്‍ എത്രയോ നല്ല സംസ്കാരമുള്ള മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ റാഗിംഗ് അത്യന്താപേക്ഷിതമാവാന്‍ അതൊരു കാരണമായി കാണാനാവില്ല . ശരി , സീനിയേഴ്സ് ജൂനിയേഴ്സിന്റെ മുന്നില്‍ വന്നു ഡാന്‍സ് കളിച്ചു ഈ "ഇടപഴകല്‍" നടത്തട്ടെ , പറ്റുമോ ? "എന്താടാ പേര് ? " എന്നതിന് പകരം "എന്താ ചേട്ടാ പേര് ? " എന്ന് ചോദിച്ചാല്‍ റാഗിംഗ് ആവില്ലല്ലോ , ല്ലേ ? We can't generalize ragging as a mischievous way of acquainting ,

After all, they didn't sign up for this ! എന്‍റെ സഭാകമ്പം ഒന്ന് മാറ്റിത്തരണം എന്ന് പറഞ്ഞല്ല ആരും കോളേജില്‍ പോകുന്നത് . അവര്‍ക്ക് ഇങ്ങനെ സഭാകമ്പം മാറണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല . പിന്നെ എന്തിനാണ് ചേട്ടന്മാര്‍ അനിയന്മാര്‍ക്ക് ഇങ്ങനെ ഒരു സേവനം ചെയ്യുന്നത് ? ഇത് തികച്ചും അന്യായമല്ലേ ?

Anti-ragging movements ( റാഗിംഗ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ )

റാഗിങ്ങിനെതിരെ ഇന്ത്യയില്‍ ആദ്യമായുണ്ടായ പ്രധാന നീക്കം 1997-ല്‍ നേരത്തെ പറഞ്ഞ പൊന്‍ നവരസു കേസിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ റാഗിംഗ് സംബന്ധിയായി ഉണ്ടായ നിയമനിര്‍മാണമായിരുന്നു .

റാഗിംഗ് ഒരു ക്രിമിനല്‍ കുറ്റമാക്കാണമെന്ന് രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത് 2007-ലാണ് . വിശ്വജാഗ്രിതി സമിതിയുടെ പൊതുതാല്‍പര്യഹര്‍ജിയിലെ വിധിയില്‍ സുപ്രീംകോടതി  നിര്‍ദേശിച്ചത് പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ CBI ഡയറക്ടര്‍ R.K രാഘവനെ തലവനാക്കി അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത് .

സുപ്രീംകോടതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ആന്റി-റാഗിംഗ് ഹെല്‍പ്-ലൈന്‍ തുടങ്ങി . 1800-180-5522 എന്ന നമ്പറില്‍ വിളിച്ചോ helpline@antiragging.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെട്ടോ ആര്‍ക്കും റാഗിംഗ് സംബന്ധിയായ പരാതികള്‍ രേഖപ്പെടുത്താവുന്നതാണ് . സ്വന്തം പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തണോ എന്നത് പരാതിക്കാരന് തീരുമാനിക്കാം . എന്നാല്‍ , ഓരോ മാസവും പരാതിപ്പെടുന്ന ഒരു ലക്ഷത്തോളം പേരില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ പ്രതികരണം കിട്ടുന്നുള്ളൂ എന്നൊരാക്ഷേപം ഈ ഹെല്‍പ്-ലൈനിനെ കുറിച്ചുണ്ട് . ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവിടത്തെ വിദ്യാര്‍ഥി പരാതി കൊടുത്താല്‍ അതിന്മേല്‍ അന്വേഷണം നടത്തുകയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത് F.I.R രേഖപ്പെടുത്തുകയും വേണമെന്ന് UGC കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട് .

Coalition to Uproot Ragging from Education (CURE) , No Ragging Foundation എന്നിവ പ്രമുഖ ഓണ്‍ലൈന്‍ റാഗിംഗ് വിരുദ്ധ ഗ്രൂപ്പുകളാണ് . No Ragging Foundation പിന്നീട് SAVE എന്ന പേരില്‍ ഒരു പരിപൂര്‍ണ NGO രൂപം കൈവരിക്കുകയും Madras IIT പോലുള്ള സ്ഥാപനങ്ങളില്‍ റാഗിംഗ് വിരുദ്ധ അവബോധം സൃഷ്ടിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു . SAVE website link  .

( ട്വന്‍റി-20 , ചിന്താമണി കൊലക്കേസ് തുടങ്ങിയ സിനിമകള്‍ റാഗിങ്ങിന്റെ ഭീകരവശങ്ങള്‍ കാണിക്കുമ്പോള്‍ 3 Idiots പോലെ അപൂര്‍വ്വം സിനിമകള്‍ റാഗിംഗ് കാണിച്ചു ചിരിപ്പിക്കാന്‍ ശ്രമിക്കുന്നു )

നമുക്കും ഒരു പ്രതിജ്ഞയെടുക്കാം 
യുദ്ധക്കളത്തില്‍ പോലും നിരായുധനെ ആക്രമിക്കാന്‍ പാടില്ലെന്നാണ് .  ട്വന്റി-20 സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ഉണ്ട് , " അടിച്ചമര്‍ത്തുന്നതിലല്ല , ആദരവു നേടിയെടുക്കുന്നതിലാണ് ആണത്തം കാണിക്കേണ്ടത് " . അല്ലാതെ സംഘടിത കുറ്റകൃത്യം(organised crime) പോലെ സംഘം ചേര്‍ന്ന് തിണ്ണമിടുക്ക് കാണിക്കുന്നത് അപകര്‍ഷതാ ബോധത്തിന്‍റെ മറ്റൊരു പ്രകടനമാണ് .

ഇത് വായിക്കുന്ന രക്ഷിതാക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട് . സ്വന്തം മക്കളുടെ ഭാവി വിലമതിക്കുന്ന നിങ്ങള്‍ , കോളേജ് വിദ്യാര്തികളായ മക്കളോട് പറയുക , " റാഗിംഗ് എന്നൊക്കെ പറഞ്ഞു മറ്റൊരാളുടെ മകന്‍റെ/മകളുടെ ജീവിതം നശിപ്പിച്ചു ഇങ്ങോട്ട് വന്നാല്‍ ഈ വീട്ടിന്‍റെ പടി കയറ്റില്ല " . ഭൂലോകത്തിന്‍റെ സ്പന്ദനം നല്ല സംസ്കാരത്തിലാണ് .

"നിനക്ക് ലജ്ജയില്ലെങ്കില്‍ എന്തും ചെയ്തുകൊള്‍ക " - നബിവചനം .

External links for additional info :
About SAVE
A ragging Incident
News report of a student medically traumatized by ragging !
SAVE Facebook group
Another ragging incident

19 comments:

 1. അറിഞ്ഞിരിക്കേണ്ടത് .!!... ആശംസകൾ ...

  ReplyDelete
 2. വളരെ വളരെ മൂല്യമുളള പോസ്റ്റ്....

  ReplyDelete
 3. എയ്തിണ്ടാക്ക്യോന്‍ അഭിനന്ദനെങ്ങള്.very informative and convincing .പ്ളസ് ടൂ കഴിഞ്ഞാല് മോനെ തുട൪പഠനത്തിന് പറഞ്ഞയക്കുന്ന കാര്യമാലോചിക്കുമ്പൊ മനസ്സില് വരുന്ന പേടികളിലൊന്നാണ് റാഗിംഗ്.അമൃതം ഗമയ എന്നൊരു സിനിമ പണ്ട് ഈ വിഷയമായി കണ്ടതോ൪മ്മ വന്നു.സ്വന്തം നിലനില്പ് സുരക്ഷിതമാണെന്ന് അഹന്കരിക്കുന്ന പണച്ചാക്കുകളായ വ്യക്തികളുടെ -എല്ലാ പണക്കാരുടെ മക്കളും അങ്ങിനെയാണെന്നല്ല- നേതൃത്വത്തിലല്ലേ ഇത്തരം വൃത്തികേടുകളധികവും നടന്നുവരുന്നത്? "റാഗിംഗ് എന്ന പേക്കൂത്ത് എതിര്‍ക്കുന്നതോ അതില്‍ നിന്ന് വിട്ടു നില്‍ക്കുന്നതോ തന്‍റെ പൗരുഷത്തെ ചോദ്യം ചെയ്യുവാന്‍ ഇടയാക്കുമെന്ന ആത്മവിശ്വാസക്കുറവ് , മനസിഷ്ടപ്പെടാതിരുന്നിട്ടും റാഗിംഗ് മാമാങ്കത്തില്‍ പങ്കാളികളാകുവാന്‍ അവരെ പ്രേരിപ്പിക്കുന്നു"- ആണ്കുട്ടികളേക്കാള് ക്രൂരമായി റാഗിംഗ് നടത്തുന്ന പെണ്കുട്ടികളുണ്ടെന്ന് വായിച്ചിട്ടുണ്ട് !

  ReplyDelete
 4. kollapetta AHab ente college mate aanu ...

  ReplyDelete
 5. കൂടുതല്‍ ചര്‍ച്ച ഇതില്‍ വരേണ്ടതുണ്ട്

  ReplyDelete
 6. റാഗിങ്ങിനെ കുറിച്ച് എന്റെ നയം വ്യക്തമാക്കിയത് ജോസെലെറ്റിന്റെ ഈ പോസ്റ്റിലാണ്, രണ്ടുകൊല്ലം മുമ്പ്.

  http://punjapadam.blogspot.in/2012/01/blog-post_19.html

  ഷിബിലിയുടെ പോസ്റ്റ് ഓർമ്മിപ്പിക്കുന്നു, ഞാൻ തീർച്ചയായും ആത്മവിശ്വാസമില്ലാത്തവനായിരുന്നു.

  നമ്മൾ മനുഷ്യർക്കൊക്കെ ഒരു പ്രശ്നമുള്ളത് , ഇഷ്ടപ്പെടുന്ന ഒന്നിനെ ഇഷ്ടപ്പെടാനും വെറുക്കുന്ന ഒന്നിനെ വെറുക്കുന്നതിനുമുള്ള കാരണങ്ങൾ നാം അന്വേഷിച്ചുകൊണ്ടിരിക്കുകയും മറിച്ചുള്ള കാരണങ്ങൾ നാം അവഗണിക്കുകയും ചെയ്തുകൊണ്ടിരിക്കും എന്നുള്ളതാണ്.
  മാനസികമായോ ശാരീരികമായോ സാമൂഹികമായോ റാഗിങ്ങിനെ പിന്തുണയ്ക്കാൻ യാതൊന്നുമില്ല എന്ന് തിരിച്ചറിയുമ്പോഴും, തിരിഞ്ഞു നോക്കുമ്പോൾ ചുണ്ടിൽ ചിരിയുണർത്തുന്ന ഓർമ്മകൾ റാഗിങ്ങിനോട് ഒരിഷ്ടം സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നു.

  ReplyDelete
 7. കുസൃതി നിറഞ്ഞ റാഗിംഗ് ആദ്യമായി കലാലയത്തിലേക്ക്‌ കടന്നു വരുന്ന കുട്ടികളെ മാനസികമായി സജ്ജരാക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു,,,പക്ഷെ കാടത്ത മാര്‍ന്ന മൃഗങ്ങള്‍ പോലും ലജ്ജിക്കുന്ന റാഗിംഗ് തടയപ്പെടെണ്ടതും..ശിക്ഷിക്കപ്പെടെണ്ടതുമാണ്,,ഒറ്റയ്ക്ക് ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യങ്ങള്‍ കൂട്ടം ചേര്‍ന്നാല്‍ അതിനപ്പുറമായ് ചെയ്യും..തക്ക ശിക്ഷ കിട്ടുവാണെങ്കില്‍ അതിനൊരു പരിധി വരെ തടയിടാന്‍ നമുക്ക് കഴിയും..കഴിയട്ടെ...rr

  ReplyDelete
 8. നല്ല പോസ്റ്റ്‌.

  ReplyDelete
 9. val are nannaayi ezhuthi... congratulation, avasaanaththe vaachakamozhike

  ReplyDelete
 10. ഞങ്ങള്‍ വളരെ മൈല്‍ഡ് ആയി റാഗ് ചെയ്തിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതരത്തിലേയ്ക്ക് നീങ്ങിയിട്ടില്ല

  ReplyDelete
 11. Good posting.Useful both to the culprits and victims.

  ReplyDelete
 12. നന്നായി ശിബിലീ.. (y)

  ReplyDelete
 13. റാഗിംഗിനെ കുറിച്ച് മനശാസ്ത്രപരമായ ഒരു സമീപനം വിശകലനം ചെയ്യുന്ന ഒരു ലേഖനം ,,,നല്ല പോസ്റ്റ്‌ , കൂടുതല്‍ പേര്‍ വായിക്കേണ്ട ഒന്ന് ആശംസകള്‍ .

  ReplyDelete
 14. ശെരിക്കും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തന്നെ ...നല്ല പോസ്റ്റ്‌

  ReplyDelete
 15. വളരെ നല്ലൊരു ലേഖനം...

  ReplyDelete
 16. ഷിബിലി. . . നന്നായി. തരം തിരിച്ചു ഒരു വിഷയത്തെ പല തലകെട്ടുകളില്‍ എഴുതുക എളുപ്പമല്ല. പലപ്പോഴും ഒരു വിഷയത്തില്‍ പ്രതികരിക്കുമ്പോ എനിക്ക് സാധിക്കാത്ത ഒരു കാര്യമാണ് ഈ ഒഴുക്ക്.

  ഈ പറഞ്ഞതിനോട് ഞാന്‍ വളരെ യോജിക്കുന്നു കാരണം. എഞ്ചിനിയറിംഗ് തുടങ്ങിയ കാലത്ത് ക്ലാസില്‍ ഈ വിഷയം ഒരു ടീച്ചര്‍ എടുത്തിട്ടിരുന്നു. അന്ന് റോസ് എന്നൊരു പെണ്‍കുട്ടി വളരെ പക്വമായി ഈ വിഷയത്തില്‍ സംസാരിച്ചു. നീ പറഞ്ഞ കാര്യങ്ങള്‍ തന്നെ. അന്ന് എനിക്കും അതെ അഭിപ്രായമായിരുന്നു. പക്ഷെ അത്ഭുതമെന്നു പറയട്ടെ ടീച്ചര്‍ പോലും മൈല്‍ഡ് ആയ റാഗിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ ആണ് സംസാരിച്ചത്.

  ReplyDelete