Thursday, March 13, 2014

നിങ്ങളില്‍ ആത്മാഭിമാനമില്ലാത്തവര്‍ റാഗ് ചെയ്യട്ടെ !


റാഗിംഗ് : നിര്‍വചനം

കേരള റാഗിംഗ് തടയല്‍ നിയമം (1998) പ്രകാരം റാഗിംഗ് എന്നാല്‍ - മാനസികമായോ ശാരീരികമായോ വേദനയുളവാക്കുന്ന തരത്തില്‍ പീഡിപ്പിക്കുകയോ , അഭിമാനക്ഷതം വരുത്തുന്ന രീതിയിലുള്ള തമാശകള്‍ക്ക് വിധേയമാക്കുകയോ , ഒരു വിദ്യാര്‍ഥി സ്വമേധയാ ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഒരു പ്രവൃത്തി ചെയ്യുവാന്‍ സമ്മര്‍ദം ചെലുത്തുകയോ ചെയ്യുന്നതാണ് റാഗിംഗ് . ( അങ്ങനെയെങ്കില്‍ അസൈന്മെന്റ് ചെയ്യുവാന്‍ സമ്മര്‍ദം ചെലുത്തിയതിന് ടീച്ചര്‍ക്കെതിരെ കേസ് കൊടുത്താലോ എന്നാലോചിക്കുന്നുണ്ടാവും ചില കശ്മലന്മാര്‍ , ഡോണ്ടൂ ഡോണ്ടൂ :) )

ഇന്ത്യയില്‍ റാഗിംഗ് എന്ന് വിളിക്കുന്ന ഈ പ്രവൃത്തി പാശ്ചാത്യലോകത്തെ ഹേസിംഗ് (HAZING) എന്ന പ്രവൃത്തിയോടു സാമ്യമുള്ളതാണ് . മിലിട്ടറി പോലുള്ള പ്രത്യേക സാഹചര്യങ്ങളിലേക്ക് വരുന്ന പുതുമുഖങ്ങളെ ആ അന്തരീക്ഷത്തിലേക്ക് വിളക്കിച്ചേര്‍ക്കുന്നതിന്റെ ഭാഗമാണ് ഹേസിംഗ് , എങ്കിലും നമ്മെക്കാള്‍ ചെറിയ തോതില്‍ രഹസ്യമായി പാശ്ചാത്യ വിദ്യാഭ്യാസരംഗത്തും ഹേസിംഗ് ഉണ്ട് . അമേരിക്കയിലെ 50 സ്റ്റേറ്റുകളില്‍ 44 സ്റ്റേറ്റുകള്‍ ഹേസിംഗ് നിയമവിരുദ്ധമാക്കിയിട്ടുണ്ട് .
ഹേസിങ്ങും റാഗിങ്ങും തമ്മിലുള്ള വ്യത്യാസം അന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം , റാഗിംഗ് ഒരു കൂട്ടര്‍ തങ്ങളുടെ സീനിയോരിറ്റി അരക്കിട്ടുറപ്പിക്കുവാന്‍ നടത്തുന്ന ഒരുതരം സാഡിസ്റ്റ് പ്രവൃത്തി ആണെങ്കില്‍ , ഹേസിംഗ് സാഹചര്യവുമായി പൊരുത്തപ്പെടുവിക്കുവാനുള്ള ഒരു Peer training എന്ന നിലയില്‍ കാണേണ്ടി വരും . എങ്കില്‍ തന്നെയും രണ്ടും മനുഷ്യാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമാണ് .


പ്രേരകഘടകങ്ങള്‍ :

സാഡിസം (Sadism) :
മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ മാനസികോല്ലാസം കണ്ടെത്തുന്നതിനെ സാഡിസം എന്ന് വിളിക്കാം . Sadistic Personality Disorder എന്ന ഈ വൈകല്യം പലരിലും ചെറിയ അളവിലെങ്കിലും കാണും . സാഡിസത്തിന്‍റെ ഉത്ഭവകാരണങ്ങള്‍ ശാസ്ത്രീയമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല . സാഡിസ്റ്റ് മനസ്ഥിതിയാണ് റാഗിംഗ് ചെയ്യുന്നവരുടെ മുഖ്യ പ്രചോദനം . ഇനി അഥവാ സാഡിസ്റ്റ് ചിന്താഗതി ഉള്ളയാളല്ലെങ്കിലും റാഗിംഗ് ആസ്വദിക്കാന്‍ തുടങ്ങുതോടെ ഒരാളില്‍ സാഡിസം വളരുന്നു . റാഗിങ്ങും സാഡിസവും വളരെയധികം പരസ്പരബന്ധിതമാണ് . സമൂഹത്തിന്‍റെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ തകര്‍ക്കുന്നതും ക്രിമിനല്‍ മനസ്ഥിതിയെ പ്രചോദിപ്പിക്കുന്നതുമായ ഗുരുതരമായൊരു മാനസികവൈകല്യമാണ് സാഡിസം എന്നറിയുക .

ചെയിന്‍ റിയാക്ഷന്‍ (Chain Reaction) :
റാഗിംഗ് ചെയ്യുന്നവരില്‍ ഇനി ഒരു വിഭാഗം തനിക്ക് കിട്ടിയത് കൊടുത്തു തീര്‍ക്കുന്നവരാണ് ."ഞങ്ങളുടെ സീനിയേഴ്സ് ചെയ്ത റാഗിംഗ് , അതാണ്‌ റാഗിംഗ് . നിങ്ങള്‍ അത്രയൊന്നും അനുഭവിച്ചില്ലല്ലോ " . അത്യാവശ്യം പോക്കിരിത്തരം കാണിച്ചിട്ടും നൊസ്റ്റാള്‍ജിക്ക് സ്റ്റൈലില്‍ നിന്ന് ഇമ്മാതിരി ഡയലോഹ് അടിക്കുന്നത് ഈ വിഭാഗത്തില്‍ പെട്ടവരുടെ രോഗലക്ഷണമാണ് . അവര്‍ തന്‍റെ ഇരയെ ആശ്വസിപ്പിക്കുന്നത് ചിലപ്പോള്‍ ഇങ്ങനെയാവാം - " സാരമില്ലെടാ , അടുത്ത വര്‍ഷം നിങ്ങള്‍ക്കും റാഗ് ചെയ്യാം " . റാഗിങ്ങിനുള്ള അവരുടെ പ്രേരണ ഇത്രേയുള്ളൂ - "അതിപ്പോ ഓരോരോ ആചാരങ്ങളാവുമ്പോ ........." .

ആത്മവിശ്വാസമില്ലായ്മ :
ഇനിയൊരു വിഭാഗം Peer pressure കാരണം റാഗിംഗ് നേതാവ് ആയി അഭിനയിക്കുന്നവരാണ് . ഒരല്‍പം ആര്‍ദ്രതയും സ്നേഹവുമൊക്കെ സ്വഭാവത്തിലുണ്ടാവുന്നത് പൗരുഷലക്ഷണമല്ല എന്ന മൌഡ്യം കൊണ്ടുനടക്കുന്ന യുവതുര്‍ക്കികള്‍ . റാഗിംഗ് എന്ന പേക്കൂത്ത് എതിര്‍ക്കുന്നതോ അതില്‍ നിന്ന് വിട്ടു നില്‍ക്കുന്നതോ തന്‍റെ പൗരുഷത്തെ ചോദ്യം ചെയ്യുവാന്‍ ഇടയാക്കുമെന്ന ആത്മവിശ്വാസക്കുറവ് , മനസിഷ്ടപ്പെടാതിരുന്നിട്ടും റാഗിംഗ് മാമാങ്കത്തില്‍ പങ്കാളികളാകുവാന്‍ അവരെ പ്രേരിപ്പിക്കുന്നു .

റാഗിങ്ങിന്‍റെ അനന്തരഫലങ്ങള്‍ :

ശാരീരികമായ മുറിവുകള്‍ ചില കേസുകളില്‍ ഉണ്ടാവാറുണ്ടെങ്കിലും ഒട്ടുമിക്ക സന്ദര്‍ഭങ്ങളിലും കഠിനമായ മാനസികസമ്മര്‍ദവും മറ്റും ഉണ്ടാവുന്നു . ദീര്‍ഘകാലത്തെക്കുള്ള മാനസിക ഒടിവും ചതവും സംഭവിക്കുന്നു ചിലര്‍ക്ക് . ചിലര്‍ വിഷാദരോഗങ്ങളിലെത്തുന്നു . ഇര പോലും അറിയാതെയായിരിക്കും മിക്കപ്പോഴും ഇത്തരം മാനസികവൈകല്യങ്ങള്‍ക്ക് അവന്‍/അവള്‍ ഇരയായിട്ടുണ്ടാവുക എന്നറിയുക .

ഓരോ മനുഷ്യന്‍റെയും മസ്തിഷ്കം ജനനം മുതല്‍ കൗമാരം വരെയുള്ള കാലഘട്ടത്തില്‍ ആകൃതിപ്പെടുന്നു . ഇതിനെ Synaptic Pruning എന്ന് പറയും . കൗമാരം അവസാനിക്കുന്നതോടെ ഒരാളുടെ വ്യക്തിത്വം ഏകദേശം പൂര്‍ണരൂപം കൈവരിക്കും . കൂടുതല്‍ വ്യതിയാനങ്ങള്‍ ഉള്‍കൊള്ളാനാവാത്ത വിധം മസ്തിഷ്കത്തിന്റെ Synaptic Plasticity അതിന്‍റെ പാരമ്യത്തിലെത്തുന്നു .

കൗമാരത്തെ വ്യക്തിത്വവികസനത്തിന്‍റെ അവസാന റൗണ്ട് എന്ന് വേണമെങ്കില്‍ പറയാം . അതായത് , എടുക്കാനുള്ളതൊക്കെ എടുത്തോണം , വണ്ടി ഇപ്പൊ സ്റ്റേഷന്‍ വിടും , പിന്നെ എന്തേലും വേണമെങ്കില്‍ കുറച്ചു ബുദ്ധിമുട്ടാണ് . വിദ്യാഭ്യാസരംഗത്തെ റാഗിംഗ് അധികവും നടക്കുന്നത് കൗമാരത്തില്‍ നിന്ന് യുവത്വത്തിലേക്ക് കടക്കുന്ന ഈ അവസാന സ്റ്റേജിലാണ് എന്നത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ് . 13-25 കാലഘട്ടത്തില്‍ ഉപയോഗിക്കപ്പെടാതിരുന്ന കഴിവുകള്‍ നശിച്ചുപോവും എന്ന് പഠനങ്ങള്‍ പറയുന്നു . അപ്പോള്‍ റാഗിങ്ങിന്‍റെ കഠിനമായ മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോവുന്ന കൗമാര മസ്തിഷ്കം എങ്ങനെയാവും രൂപപെടുക ? തദ്വാരാ , മൊത്തം സമൂഹത്തിന്‍റെ മാനസികാരോഗ്യത്തെയല്ലേ അത് ബാധിക്കുക ? എന്തിന് വേണ്ടി ? എന്നിട്ടെന്ത് നേടുന്നു ?

യുവത്വവും കൗമാരവുമൊക്കെ സ്വതവേ കലുഷിതമായ ഒരു കാലഘട്ടമാണ് . പഠനം , ജോലി , ലൈംഗീകത , വിപ്ലവാത്മകത എന്നിങ്ങനെ പലതരം വിഷയങ്ങളില്‍ ഇടം കണ്ടെത്താനുള്ള കടുത്ത സമ്മര്‍ദങ്ങള്‍ ആ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണ് . അതിനു പുറമേ ഇത്തരം ക്രൂര വിനോദങ്ങള്‍ കൂടി ആചാരമായി അംഗീകരിച്ചാല്‍ സാമൂഹികാഭിവൃദ്ധിയെ തന്നെ അത് തളര്‍ത്തും എന്നത് കാണാതെ പോകരുത് .
ശ്രദ്ധേയമായ സംഭവങ്ങള്‍ :

റാഗിംഗ് ഏറ്റവും കൂടുതലുള്ള രാജ്യമായി അറിയപ്പെടുന്നത് ശ്രീലങ്കയാണ് . ഇന്ത്യയും മോശമല്ല . ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഉത്തര്‍പ്രദേശാണ്‌ .

1996 നവംബറില്‍ മെഡിക്കല്‍ വിദ്യാര്‍ഥി പൊന്‍ നവരസുവിന്റെ ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ച സംഭവം , റാഗിംഗ് എന്ന ഈഗോ വിനോദം എത്രത്തോളം ഗുരുതരരൂപം കൈവരിക്കാം എന്നതിന്‍റെ ഭീകരമായ ഉദാഹരണമാണ് . പൊന്‍ നവരസുവിനോട് ജോണ്‍ ഡേവിഡ് എന്ന സീനിയര്‍ ആവശ്യപ്പെട്ടത് ചെരുപ്പിന്‍റെ സോള്‍ നക്കുവാനാണ് .വിസമ്മതിച്ച പൊന്‍ നവരസുവിനെ ജോണ്‍ ഡേവിഡ് കൊലപ്പെടുത്തുകയും തന്‍റെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് തുണ്ടം തുണ്ടമാക്കി തമിഴ്നാടിന്‍റെ പല ഭാഗങ്ങളിലായി വിതറുകയും ചെയ്തു . 1998-ഇല്‍ ജില്ലാ കോടതി ജോണ്‍ ഡേവിഡിനെ ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ചു . 2001 - ല്‍ മദ്രാസ് ഹൈക്കോടതി ജോണിനെ ശിക്ഷയില്‍ നിന്നും വിമുക്തനാക്കി . 2011 - ല്‍ സുപ്രീംകോടതി കേസിലെ കീഴ്ക്കോടതി ഉത്തരവ് ശരിവെക്കുകയും ഇരട്ട ജീവപര്യന്തത്തിന് വിധിക്കുകയും ചെയ്തു . അങ്ങനെ ജോണ്‍ 2011 മുതല്‍ വീണ്ടും അഴികള്‍ക്കുള്ളിലായി .

2009 - ല്‍ മാര്‍ച്ച്‌ -7 നു റാഗിങ്ങിനിടയിലെ കഠിനമര്‍ദനത്തെ തുടര്‍ന്ന് മസ്തിഷ്കത്തിലെ അമിത രക്തസ്രാവം മൂലം 19കാരനായ ഹിമാചല്‍ പ്രദേശിലെ മെഡിക്കല്‍ വിദ്യാര്‍ഥി അമന്‍ കച്ച്റൂ മരണപ്പെട്ടത് രാജ്യത്ത് കോളിളക്കം സൃഷ്ടിക്കുകയും റാഗിംഗ് വീണ്ടും ചര്‍ച്ചാവിഷയം ആവുകയും ചെയ്തു . ആ കേസില്‍ നാല് സീനിയര്‍ വിദ്യാര്‍ഥികള്‍ നാല് വര്‍ഷത്തേക്ക് കഠിനതടവിന് ശിക്ഷിക്കപ്പെട്ടു . ശിക്ഷ തീരാന്‍ ഒന്‍പത് മാസം ബാക്കിയിരിക്കെ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ നല്ല നടപ്പിന്റെ ആനുകൂല്യത്തില്‍ നാല് പേരും ജയില്‍മോചിതരായി ."രാജ്യത്തെ പ്രധാനപ്പെട്ട ഒരു പ്രശ്നമായി റാഗിങ്ങിനെ കാണാന്‍ കഴിയാത്ത ഹിമാചല്‍ പ്രദേശ്‌ സര്‍ക്കാരിനോട് സഹതാപം തോന്നുന്നു " എന്നാണ് ഇരയുടെ പിതാവ് രാജ് കച്ച്റൂ പ്രതികരിച്ചത് .

കുറച്ചു കാലമായി എഴുതണം എന്ന് കരുതിയ ഈ വിഷയം ഇപ്പോള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ച സംഭവം മലയാളി വിദ്യാര്‍ഥി അഹാബ് ഇബ്രാഹീമിന്‍റെ മരണമാണ് . ബംഗലൂരുവില്‍ ക്രൂരമായ റാഗിങ്ങിനു ഇരയായി അഹാബ് മരണപ്പെട്ടത് കഴിഞ്ഞയാഴ്ച . ഇത്തരം വിഷയങ്ങള്‍ പുറത്തുപറയാന്‍ തന്നെ പലര്‍ക്കും പേടിയാണ്  . കാരണം അവിടെ ഇരയുടെ ഈഗോയും ഒരു പ്രശ്നം തന്നെയാണ് . അഹാബിന്‍റെ മരണത്തെ കുറിച്ച റിപ്പോര്‍ട്ട്  ഇവിടെ വായിക്കാം .

ഇന്ത്യന്‍ ക്രിക്കെറ്റര്‍ സുരേഷ് റെയ്നയുടെ അനുഭവവും ശ്രദ്ധേയമാണ് . പഠനകാലത്ത്‌ , സ്പോര്‍ട്സ് സ്കൂളിലെ റാഗിങ്ങിന്റെ ആഘാതത്തില്‍ പെട്ട് സുരേഷ് റെയ്ന വീട്ടിലേക്ക് മടങ്ങിയിരുന്നു . ആറു മാസത്തോളം അദ്ദേഹം വീട്ടിലിരുന്നു . മനസിനെ സമനിലയിലെത്തിക്കുവാനുള്ള വീട്ടുകാരുടെ  ശ്രമം അവസാനം വിജയം കണ്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ ക്രിക്കെറ്റ്ടീമില്‍ സാന്നിധ്യമുറപ്പിച്ച ഒരു പ്രതിഭയുള്ള ക്രിക്കെറ്റര്‍ ഉണ്ടാവില്ലായിരുന്നു .

ഇവിടെ ചിലര്‍ക്ക് തോന്നാവുന്ന ഒരു സംശയമുണ്ട് - രാഷ്ട്രീയത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നു , എന്നുകരുതി രാഷ്ട്രീയം നിരോധിക്കാമോ ? ഇങ്ങനെ പല മേഖലകളിലും കാര്യങ്ങള്‍ കൈവിട്ടു പോവുന്നു , അതൊക്കെ നിരോധിക്കുകയാണോ വേണ്ടത് ? ഒന്നാമതായി, അക്രമങ്ങള്‍ എവിടെയും പ്രോല്‍സാഹിപ്പിക്കെടുന്നില്ല . രണ്ടാമതായി , ചില നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് രാഷ്ട്രീയം നിലകൊള്ളുന്നത് . രാഷ്ട്രീയം ഒരു അനിവാര്യതയാണ് . അതിലെ അക്രമം മാത്രമേ ഇനി തുടച്ചുമാറ്റേണ്ടതുള്ളൂ . എന്നാല്‍ റാഗിംഗ് എന്നത് സ്വതവേ തന്നെ അക്രമസ്വഭാവമുള്ള ഒരു സാഡിസ്റ്റ് വൈകൃതമാണ് . റാഗിംഗ് ഒരിക്കലും ഒരു അനിവാര്യതയല്ല . അഹാബിന്റെ കുടുംബത്തിന്‍റെ കണ്ണുനീര്‍ വെറും ഒരു ക്രൂരവിനോദത്തിന്റെ ഫലമാണ് . അത് പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്ക് അഹാബിനെ പോലെ ജീവിതം നശിച്ച പലരോടും ഉത്തരം പറയാനുണ്ട് .Pro-ragging arguments (റാഗിംഗ് അനുകൂല വാദങ്ങള്‍)

കടുപ്പം കുറഞ്ഞ റാഗിംഗ് ആവാം എന്നതാണ് പ്രധാന വാദം . പക്ഷെ റാഗിങ്ങിനെ കുറിച്ച് മനസിലാക്കുമ്പോള്‍ അതില്‍ "നിഷേധിക്കുക" എന്നൊരു ഓപ്ഷന്‍ ഇല്ല എന്ന് മനസിലാക്കണം . ഈഗോയുടെയും സാഡിസത്തിന്‍റെയും ഒരു സങ്കീര്‍ണമിശ്രിതമാണ് റാഗിംഗ് എന്ന കല . "പാട്ട് പാടെടാ " എന്ന് പറഞ്ഞാല്‍ "നാളെ ഇതേ സമയം ഇവിടെ വച്ച് കാണുവാണേല്‍ പാടിത്തരാം ചേട്ടാ , ഇപ്പം സിനിമക്ക് പോവാണ് " എന്ന് പറയാനുള്ള സ്പേസ് റാഗിങ്ങില്‍ ഇല്ല . അങ്ങനെ പറഞ്ഞാല്‍ പറഞ്ഞവന്‍റെ ജീവിതം കോഞ്ഞാട്ടയാക്കിയില്ലെങ്കില്‍ അത് സീനിയറുടെ 'ഇമേജിന്' മോശമാണ് .

സഭാകമ്പം ഇല്ലാതാക്കുവാനും പ്രശ്നങ്ങളെ നെഞ്ചുവിരിച്ച് നേരിടുവാന്‍ പ്രാപ്തമാക്കുവാനും റാഗിംഗ് നല്ലതാണ് എന്നൊരു വാദമുണ്ട് . ശരിക്കും ? തെറിവിളി ശീലമില്ലാത്ത ഒരു വിദ്യാര്‍ഥി തന്‍റെ കൂട്ടുകാരനെ റാഗിങ്ങിന്റെ ഭാഗമായി തെറി വിളിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ , സീനിയറുടെ കാലു നക്കാന്‍ പറയുമ്പോള്‍ , അര്‍ദ്ധ-നഗ്നനാക്കപ്പെടുമ്പോള്‍ , ഇല്ലാതാവുന്നത് ആത്മാഭിമാനമാണ് , സഭാകമ്പമല്ല .

സീനിയേഴ്സിനെ പരിചയപ്പെടുവാനും ഇടപഴകുവാനുമുള്ള(മിംഗ്ലിങ്ങ്) ഒരു മാര്‍ഗമായി റാഗിങ്ങിനെ കാണുന്നവരുണ്ട് . അതിനു ഇതിനേക്കാള്‍ എത്രയോ നല്ല സംസ്കാരമുള്ള മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ റാഗിംഗ് അത്യന്താപേക്ഷിതമാവാന്‍ അതൊരു കാരണമായി കാണാനാവില്ല . ശരി , സീനിയേഴ്സ് ജൂനിയേഴ്സിന്റെ മുന്നില്‍ വന്നു ഡാന്‍സ് കളിച്ചു ഈ "ഇടപഴകല്‍" നടത്തട്ടെ , പറ്റുമോ ? "എന്താടാ പേര് ? " എന്നതിന് പകരം "എന്താ ചേട്ടാ പേര് ? " എന്ന് ചോദിച്ചാല്‍ റാഗിംഗ് ആവില്ലല്ലോ , ല്ലേ ? We can't generalize ragging as a mischievous way of acquainting ,

After all, they didn't sign up for this ! എന്‍റെ സഭാകമ്പം ഒന്ന് മാറ്റിത്തരണം എന്ന് പറഞ്ഞല്ല ആരും കോളേജില്‍ പോകുന്നത് . അവര്‍ക്ക് ഇങ്ങനെ സഭാകമ്പം മാറണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല . പിന്നെ എന്തിനാണ് ചേട്ടന്മാര്‍ അനിയന്മാര്‍ക്ക് ഇങ്ങനെ ഒരു സേവനം ചെയ്യുന്നത് ? ഇത് തികച്ചും അന്യായമല്ലേ ?

Anti-ragging movements ( റാഗിംഗ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ )

റാഗിങ്ങിനെതിരെ ഇന്ത്യയില്‍ ആദ്യമായുണ്ടായ പ്രധാന നീക്കം 1997-ല്‍ നേരത്തെ പറഞ്ഞ പൊന്‍ നവരസു കേസിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ റാഗിംഗ് സംബന്ധിയായി ഉണ്ടായ നിയമനിര്‍മാണമായിരുന്നു .

റാഗിംഗ് ഒരു ക്രിമിനല്‍ കുറ്റമാക്കാണമെന്ന് രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത് 2007-ലാണ് . വിശ്വജാഗ്രിതി സമിതിയുടെ പൊതുതാല്‍പര്യഹര്‍ജിയിലെ വിധിയില്‍ സുപ്രീംകോടതി  നിര്‍ദേശിച്ചത് പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ CBI ഡയറക്ടര്‍ R.K രാഘവനെ തലവനാക്കി അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത് .

സുപ്രീംകോടതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ആന്റി-റാഗിംഗ് ഹെല്‍പ്-ലൈന്‍ തുടങ്ങി . 1800-180-5522 എന്ന നമ്പറില്‍ വിളിച്ചോ helpline@antiragging.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെട്ടോ ആര്‍ക്കും റാഗിംഗ് സംബന്ധിയായ പരാതികള്‍ രേഖപ്പെടുത്താവുന്നതാണ് . സ്വന്തം പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തണോ എന്നത് പരാതിക്കാരന് തീരുമാനിക്കാം . എന്നാല്‍ , ഓരോ മാസവും പരാതിപ്പെടുന്ന ഒരു ലക്ഷത്തോളം പേരില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ പ്രതികരണം കിട്ടുന്നുള്ളൂ എന്നൊരാക്ഷേപം ഈ ഹെല്‍പ്-ലൈനിനെ കുറിച്ചുണ്ട് . ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവിടത്തെ വിദ്യാര്‍ഥി പരാതി കൊടുത്താല്‍ അതിന്മേല്‍ അന്വേഷണം നടത്തുകയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത് F.I.R രേഖപ്പെടുത്തുകയും വേണമെന്ന് UGC കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട് .

Coalition to Uproot Ragging from Education (CURE) , No Ragging Foundation എന്നിവ പ്രമുഖ ഓണ്‍ലൈന്‍ റാഗിംഗ് വിരുദ്ധ ഗ്രൂപ്പുകളാണ് . No Ragging Foundation പിന്നീട് SAVE എന്ന പേരില്‍ ഒരു പരിപൂര്‍ണ NGO രൂപം കൈവരിക്കുകയും Madras IIT പോലുള്ള സ്ഥാപനങ്ങളില്‍ റാഗിംഗ് വിരുദ്ധ അവബോധം സൃഷ്ടിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു . SAVE website link  .

( ട്വന്‍റി-20 , ചിന്താമണി കൊലക്കേസ് തുടങ്ങിയ സിനിമകള്‍ റാഗിങ്ങിന്റെ ഭീകരവശങ്ങള്‍ കാണിക്കുമ്പോള്‍ 3 Idiots പോലെ അപൂര്‍വ്വം സിനിമകള്‍ റാഗിംഗ് കാണിച്ചു ചിരിപ്പിക്കാന്‍ ശ്രമിക്കുന്നു )

നമുക്കും ഒരു പ്രതിജ്ഞയെടുക്കാം 
യുദ്ധക്കളത്തില്‍ പോലും നിരായുധനെ ആക്രമിക്കാന്‍ പാടില്ലെന്നാണ് .  ട്വന്റി-20 സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ഉണ്ട് , " അടിച്ചമര്‍ത്തുന്നതിലല്ല , ആദരവു നേടിയെടുക്കുന്നതിലാണ് ആണത്തം കാണിക്കേണ്ടത് " . അല്ലാതെ സംഘടിത കുറ്റകൃത്യം(organised crime) പോലെ സംഘം ചേര്‍ന്ന് തിണ്ണമിടുക്ക് കാണിക്കുന്നത് അപകര്‍ഷതാ ബോധത്തിന്‍റെ മറ്റൊരു പ്രകടനമാണ് .

ഇത് വായിക്കുന്ന രക്ഷിതാക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട് . സ്വന്തം മക്കളുടെ ഭാവി വിലമതിക്കുന്ന നിങ്ങള്‍ , കോളേജ് വിദ്യാര്തികളായ മക്കളോട് പറയുക , " റാഗിംഗ് എന്നൊക്കെ പറഞ്ഞു മറ്റൊരാളുടെ മകന്‍റെ/മകളുടെ ജീവിതം നശിപ്പിച്ചു ഇങ്ങോട്ട് വന്നാല്‍ ഈ വീട്ടിന്‍റെ പടി കയറ്റില്ല " . ഭൂലോകത്തിന്‍റെ സ്പന്ദനം നല്ല സംസ്കാരത്തിലാണ് .

"നിനക്ക് ലജ്ജയില്ലെങ്കില്‍ എന്തും ചെയ്തുകൊള്‍ക " - നബിവചനം .

External links for additional info :
About SAVE
A ragging Incident
News report of a student medically traumatized by ragging !
SAVE Facebook group
Another ragging incident

Sunday, February 23, 2014

എയര്‍വേവിനെ പരിചയപ്പെടാം


രണ്ടു വര്‍ഷം മുമ്പാണ് ഞാന്‍ Rank 1 എന്ന ഡച്ച്‌ ട്രാന്‍സ് ടീമിന്‍റെ Airwave എന്ന ക്ലാസിക്ക് ട്രാക്ക് കേള്‍ക്കുന്നത് . പ്ലേലിസ്റ്റില്‍ നിന്നും യാദൃശ്ചികമായി കേട്ട ആ പാട്ടാണ് എന്നെ ട്രാന്‍സിന്റെ മാസ്മരികലോകത്തേക്ക് പരിചയപ്പെടുത്തിയത് . Rank 1 എന്ന രണ്ടംഗ ബാന്‍ഡിലേക്ക് ആകര്‍ഷിച്ചതും Airwave തന്നെ . അത് കേട്ടതിനിപ്പുറം രണ്ടു വര്‍ഷം തുടര്‍ച്ചയായി എന്‍റെ റിങ്ങ്ടോണ്‍ ATBയുടെ ഒരു എയര്‍വേവ് റീമിക്സ് ആയിരുന്നു . പലരും ആ ഭാഗം എന്‍റെ കയ്യില്‍ നിന്ന് വാങ്ങി റിങ്ങ്ടോണ്‍ ആക്കിയിട്ടുണ്ട് എന്നതും ഇത്തരുണത്തില്‍ അഭിമാനപൂര്‍വം ഓര്‍ക്കുന്നു . എത്ര കേട്ടിട്ടും മടുക്കാന്‍ മടിച്ചു നില്‍ക്കുന്ന ചില അപൂര്‍വം ഗാനങ്ങളിലൊന്നാണെനിക്ക് Airwave . Trancetop1000.com നടത്തിയ മികച്ച ട്രാന്‍സ് ട്രാക്കുകളുടെ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയത് Airwave ആയിരുന്നു .ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും മികച്ച ആരോഹണവും ഏറ്റവും മികച്ച അവരോഹണവും Airwave ഇല്‍ ആണ് . 2:20 മുതല്‍ 3:20 വരെയുള്ള ആരോഹണാവരോഹണങ്ങള്‍ . അവരോഹണം വളരെ തന്ത്രപരമായി സ്മൂത്തായി ചെയ്തതാണ് എന്നെ ആകര്‍ഷിച്ചതെങ്കില്‍ , ആരോഹണം പൊടുന്നനെ വന്ന് നമ്മളെ അതിശയിപ്പിക്കുന്നു . ഒരുപക്ഷെ വിചിത്രമായി തോന്നാം , ഇരുട്ടത്ത് ബെഡ്ഡില്‍ കിടക്കെ ചെവിയില്‍ ഇയര്‍ഫോണ്‍ വച്ചു ആ ആരോഹണം ആദ്യമായി കേട്ടപ്പോള്‍ 'എനിക്ക് തോന്നിയത്' ഓര്‍ക്കാപ്പുറത്ത് വെടിക്കെട്ട്‌ നടക്കുന്ന ഒരു പൂരപ്പറമ്പില്‍ അലയുന്ന പോലെയാണ് .

അതുപോലെ തന്നെ അതിലെ മെലഡി എന്‍റെ ഏതു വികാരത്തെയും കൈകാര്യം ചെയ്തു അനായാസമാക്കിത്തരുന്നു . അതായത് , സന്തോഷമാവട്ടെ , ദുഖമാവട്ടെ , ക്രോധമാവട്ടെ ഏതെങ്കിലുമൊരു വികാരത്തിന്‍റെ തള്ളിച്ചയില്‍ മനസ്സില്‍ സമ്മര്‍ദം വരുമ്പോള്‍  എയര്‍വേവിലെ ഐതിഹാസിക ട്യൂണ്‍(2:50 - 3:20) മനസിനെ വരുതിയിലെത്തിക്കുന്നു . മനസിനെ ആര്‍ദ്രമാക്കുന്നതും ശാന്തമാക്കുന്നതും വ്യത്യാസമുണ്ട് . ട്രാന്‍സിലെ എന്‍റെ ഫെവറിട്ടുകള്‍ മനസിനെ ശാന്തതയിലെത്തിക്കുന്നവയാണ് , വെറുതെയങ്ങ് അലിയിച്ചു കളയില്ല .

ട്രാന്‍സില്‍ വരികള്‍ ഉണ്ടാവില്ല , ഉണ്ടെങ്കില്‍ തന്നെ വിരളവും . അത് ഒരു വലിയ മേന്മയാണ് . കാരണം വരികള്‍ക്ക് ക്ലിപ്തത എന്ന പരിമിതിയുണ്ട് . "മാനസ മൈനേ വരൂ .... " എന്ന ഗാനം പരീക്ഷക്ക് തോറ്റിരിക്കുന്നവന് പാടാന്‍ പറ്റിയ ഒരു പാട്ടാണെന്ന് എനിക്ക് തോന്നുന്നില്ല . എന്നാല്‍ ശോക ഭാവത്തിലുള്ള ഒരു നല്ല ട്രാന്‍സ് ട്രാക്ക് (ഉം, ട്രാന്‍സിനും ഭാവമുണ്ട് ) എതവസ്ഥയില്‍ ശോകമായി ഇരിക്കുന്നവനും , എന്തിനു പറയുന്നു സന്തോഷത്തിലുള്ളവനും ആസ്വദിക്കാം . അവിടെ ചിന്തകളെ മാനസമൈനയിലേക്കോ മറ്റോ ഒതുക്കുന്നില്ല . മറിച്ച് , പാട്ടിലെ ഭാവത്തിനെ ചിന്തകളുമായി ബന്ധിപ്പിക്കുകയാണ് . ചില മികച്ച എഴുത്തുകാര്‍ "കണ്ണീര്‍ മഴയത്ത് ഞാനൊരു... " പോലുള്ള അബ്സ്ട്രാക്റ്റ്‌ രചനകളിലൂടെ ഈ പരിമിതിയെ മറികടക്കുന്നു എന്നതും വിസ്മരിക്കുന്നില്ല .

മൂന്ന്‍ വര്‍ഷത്തോളമായി ഞാന്‍ സ്വന്തമായി സംഗീതം നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് . വളരെ കുറഞ്ഞ പരിശ്രമം മാത്രമേ ഉള്ളൂവെങ്കിലും ഔപചാരികമായി ഏതെങ്കിലും തരത്തില്‍ സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും , അമച്ച്വറിഷ് നിലവാരത്തിലുള്ള ചില സൃഷ്ടികള്‍ ഇതുവരെ ഉണ്ടായിട്ടുണ്ട് . എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിര്‍മിച്ച എയര്‍വേവ് റീമിക്സ് വളരെ സന്തോഷം നല്‍കുന്നു എന്ന് പറയാതെ വയ്യ . ഇത്രയും കാലം പരിശ്രമിച്ചത് സഫലമായി എന്നൊരു ഫീല്‍ തരുന്നുണ്ട് പുതിയ സൃഷ്ടി . നല്ലൊരു സ്പീക്കര്‍ സിസ്റ്റത്തിലോ നല്ലൊരു ഇയര്ഫോണിലെങ്കിലുമോ കേട്ടു നോക്കിയിട്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയാന്‍ മറക്കരുതേ .