Sunday, July 14, 2013

ബാന്ഗ്ലൂരിയന്‍ യാത്രാനുഭവങ്ങള്‍

ബാന്ഗ്ലൂരിയന്‍ യാത്രാനുഭവങ്ങള്‍ ഇവിടെ കുറിച്ചിടണമെന്നു കുറെയായി കരുതുന്നു . ഓര്‍മകള്‍ എത്രത്തോളം ഫ്രഷ്‌ ആകുന്നുവോ അത്രയും റിയാലിറ്റി അതിനുണ്ടാവും . അത് പഴകുംതോറും ഒരുതരം നൊസ്റ്റി അതിനെ മൂടിത്തുടങ്ങും. എന്നുവച്ചാല്‍ , ഒരു ഓര്‍മയെ പറ്റിയുള്ള ഏറ്റവും വിജ്രുംബിതമായ വികാരം അതിനെ കീഴ്പ്പെടുത്തും . ഉദാഹരിക്കുകയാണെങ്കില്‍ , മാങ്ങയുടെ മധുരവും മഴയുടെ കുളിരും മാത്രം നിറഞ്ഞു നില്‍ക്കും ; മാങ്ങക്കെറിഞ്ഞു പൊട്ടിച്ച ചില്ലും ഉണക്കാനിട്ട ഡ്രസ്സ് മഴയത്ത് നനഞ്ഞു കുതിര്‍ന്നതും നൊസ്റ്റാള്‍ജിക്കല്‍ (ഐ മീന്‍ ഒലിപ്പിക്കല്‍ ) വാല്യു കുറഞ്ഞ ഉരുപ്പടികളായതിനാല്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടെ ഉണ്ടാവില്ല (അഥവാ അങ്ങനെയുള്ള ഓര്‍മകള്‍ക്ക് ദീര്‍ഘായുസ് കാണില്ല) !!! . ദുരിതവും കഷ്ടപ്പാടും ആയിരുന്നു ഭൂതകാലത്തില്‍ കൂടുതലുമെങ്കില്‍ , ഓര്‍മകളില്‍ ഒരു നല്ല കാര്യവും തനിക്ക് സംഭവിച്ചിട്ടെ ഇല്ലെന്നായിരിക്കും .  കൂടുതലുള്ള വികാരം കുറവുള്ള വികാരത്തെ കീഴ്പ്പെടുത്തും . നാണയത്തിന്റെ ഒരു വശം മാത്രം തിളങ്ങി നില്‍ക്കും . എല്ലാ കാര്യങ്ങളുമെന്നപോലെ ഇതും , പലര്‍ക്കും പല അളവിലാവും . ചിലര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ഓര്‍മകള്‍ പോലും യാഥാര്‍ത്യബോധത്തോടെയുള്ള അനുഭൂതിയാവണമെന്നില്ല . ചിലര്‍ക്കാവട്ടെ പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും നാണയത്തിന്റെ ഇരുവശവും മങ്ങാതെ മായാതെ ഓര്‍മകാണും .

സംഭവങ്ങള്‍ ഫ്രെഷ് ആയിരിക്കുമ്പോള്‍ അതിനു എന്ത് കൊണ്ട് യാഥാര്‍ത്യബോധം ഉണ്ടാവുന്നു , പിന്നീട് ഫാന്റസികലര്‍ന്ന നൊസ്റ്റിയാവുന്നതെങ്ങിനെ എന്നതാണ് കവി ഇവിടെ അന്വേഷിക്കാന്‍ ശ്രമിച്ചത് . അതുകൊണ്ട് കൂടുതല്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ കിട്ടുന്നത് വരെ കാത്തിരിക്കാതെ ഇപ്പൊ ഉള്ളത് വച്ച് ഞാനിതാ ഗുരുവേ ഒരു കാച്ച് കാച്ചുന്നു .  ഇനി , താത്വിക അവലോകനത്തില്‍ നിന്ന് കാര്യത്തിലേക്ക് .


July 2012 : ഒന്നാം ബാന്‍ഗ്ലൂര്‍ യുദ്ധം യാത്ര
-----------------------------------------------------------------------
 ബാന്‍ഗ്ലൂര്‍ പോയി നല്ലൊരു കോളേജ് കണ്ടുപിടിക്കാനുള്ള ഈ യാത്രയില്‍ സാഹസമെന്നു പറയാന്‍ പ്രത്യേകിച്ചൊന്നുമില്ല . പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ജീവിതത്തിലേക്കുള്ള കാല്‍വെപ്പ്‌ . ഇങ്ങനെ ഇടക്കിടക്ക് കാല്‍വെക്കാറുള്ളത് കൊണ്ടാണോ എന്നറിയില്ല , എന്‍റെ "പുതിയ ജീവിത" വിജ്രുംബന ഘടകം ഒരു സാധാ വിദ്യാര്‍ഥിയേക്കാള്‍  അല്പം താഴെയായിരുന്നു (അതില്‍ അഭിമാനമോ അപമാനമോ ഇല്ല , ഒരു വസ്തുത നിരീക്ഷിക്കുന്നു എന്ന് മാത്രം ) . ഇന്നുവരെയുള്ള ബാന്‍ഗ്ലൂര്‍ യാത്രകളില്‍ ഉറക്കം വരാതെ ഞാനോര്‍ത്തിരുന്നത് എന്താണോ, അന്നും അത് ഞാനോര്‍ത്തു . എന്നിട്ട് ഉറങ്ങാതെ, ചരിത്രസംഭവമാവുന്ന ആ യാത്രയുടെ ഓരോ നിമിഷവും ആ കൂരാകൂരിരുട്ടില്‍ ഞാന്‍ ഒപ്പിയെടുത്തു ( സുലൈമാനല്ല , പഹയന്‍ ഹനുമാന്‍ തന്നെ ) . കോളേജിലൊക്കെ ചേര്‍ന്ന് അന്ന് തിരിച്ചുവന്നത് വൈകീട്ടത്തെ ആറുമണിയുടെ ബാന്‍ഗ്ലൂര്‍ - കോഴിക്കോട് KSRTC ഇല്‍ . യാത്രാക്ലേശം എന്ന വാക്കിനെ അന്ന് ഞാന്‍ വിശദമായി പരിചയപ്പെട്ടു ; വര്‍ഷങ്ങളായി ഈ വാഹനത്തില്‍ ഇതുപോലെ യാത്രചെയ്യുന്നവരെയും , ആഴ്ചകളോളം അന്തമില്ലാത്ത ബഹറില്‍ യാത്ര ചെയ്ത് ഇന്ത്യയാണെന്ന് കരുതി അമേരിക്ക കണ്ടുപിടിച്ച മണ്ടന്‍ കൊളംബസിനെയും നമിച്ചു . കാടെത്തിയപ്പോള്‍ ഡ്രൈവറുമായി സംസാരിച്ചിരിക്കാന്‍ പോയി , മൃഗങ്ങളെ കാണാന്‍ . നാട്ടിലെ മൃഗങ്ങളെ പോലല്ല, കാട്ടിലെ മൃഗങ്ങള്‍ രാത്രിയാണത്രേ റോഡിലിറങ്ങുക .  ഇരുപത്തൊന്നു ആനകളെയും മുപ്പത്തിരണ്ട് പോത്തുകളെയും അഞ്ചു പുലികളെയും നാല്‍പ്പത്തിയെട്ടു മാനുകളെയും ഞാന്‍ കണ്ടു എന്ന് സത്യസന്ധനായ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കും എന്ന് എനിക്കറിയാം എന്ന് നിങ്ങള്‍ക്കറിയാം എന്ന് ഞാന്‍ കരുതുന്നത് കൊണ്ട് സത്യം വെളിപ്പെടുത്താം - രണ്ടോ മൂന്നോ ആനയെയും കരടി എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു നിഴല്‍രൂപത്തെയും ആനവണ്ടിയുടെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു .

September 2012 : ഒരു ഫുള്‍ ടിക്കെറ്റ് , നോ ഹാഫ് ടിക്കെറ്റ് , ഒരു ബൈക്ക് ടിക്കെറ്റ്
--------------------------------------------------------------------------------------------------
അതെന്നെ , ബൈക്കിനെ ബാന്ഗ്ലൂരേക്ക് കടത്താന്‍ ഒരു ടിക്കെറ്റെടുത്ത കഥ . ബൈക്ക് ബസില്‍ വച്ച് നാടുകടത്തുന്ന ഇടപാട് അറിയാത്തവരാണ് കേരളത്തിലെ 67.92% ആളുകളും എന്നാണു ഞെട്ടിപ്പിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ . മുസ്ലിംകളെല്ലാം പാക്കിസ്ഥാന്‍ അച്ചാരം പറ്റുന്ന നോണ്‍ ഇന്ത്യന്‍സ് ആണ് എന്നും അതേ റിപ്പോര്‍ട്ടിലുണ്ട് (കൃത്യമായ കണക്കുകള്‍ വച്ച് പറയുമ്പോ നിങ്ങള്‍ വിശ്വസിക്കാതിരിക്കരുത്!!! ) .  എന്തായാലും പ്രസ്തുത 67.92% ആളുകള്‍ അറിയാന്‍ വേണ്ടി വിവരിക്കട്ടെ - ഏസി ലക്ഷ്വറി ബസുകളുടെ അടിയില്‍ വിശാലമായ ഒരു അറയുണ്ട് . അവിടെയാണ് പാര്‍സലുകളും മറ്റും വെക്കുന്നത് . ആ സ്ഥലത്ത് ഒരു ബൈക്ക് സുഖമായി ഇരിക്കും . ബാന്‍ഗ്ലൂര്‍ വരെ ബൈക്ക് ഓടിച്ചു പോവാന്‍ മടിയുള്ളവര്‍ക്ക് ആ സ്ഥലം ഉപകാരപ്പെടുത്താം .  താഴെയുള്ള ചിത്രം കാര്യങ്ങള്‍  കൂടുതല്‍ 'വ്യക്തമാക്കും' :

ഔത്ത് കേറി കുത്തിര്ക്കീന്‍ :p

February 2013 : കാടും മലയും പുഴയും കടന്ന്......
---------------------------------------------------------------------
ആന്ധ്രപ്രദേശ്‌ രെജിസ്ട്രെഷനില്‍ ഹാരിസിന്‍റെ ബൈക്ക് കണ്ടത് മുതല്‍ എന്‍റെ ഫാന്റസി ആയിരുന്നു ബൈക്കില്‍  ഒരു ലോങ്ങ്‌ ട്രിപ്പ്‌ . ഇന്നത് ഒരു അഡിക്ഷന്‍ ആണ് . ഞാന്‍ ആദ്യമായി ബാന്‍ഗ്ലൂര്‍ നിന്ന്  ബൈക്കില്‍ പശ്ചിമഘട്ടം കടന്ന് പൊന്നാനിയിലെത്തിയത് ഫെബ്രുവരി 2013 ഇല്‍ . യുണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞാലുള്ള അവധിക്ക് നാട്ടില്‍ ബൈക്കില്ലാതെ പറ്റില്ല . അങ്ങനെ പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാനും അടുത്ത കൂട്ടുകാരന്‍ ഫൈസല്‍ മുഹമ്മദലിയും കൂടി എന്റെ പള്‍സര്‍ 180 ഇല്‍ പുറപ്പെട്ടു . നന്നായി ഉറങ്ങിയിട്ട് രാവിലെ എഴുന്നേറ്റു പോവാനായിരുന്നു പദ്ധതി . ഞാന്‍ രാത്രി ഒരുമണി മുതല്‍ അഞ്ചുമണി വരെ നന്നായുറങ്ങിയെങ്കിലും യാത്രാക്ഷീണത്തിന്റെ കാര്യം പേടിയുണ്ടായിരുന്നു . രാവിലെ ഏഴു മണിക്ക് ഞങ്ങള്‍ ഇറങ്ങി . മൈസൂര്‍ റോഡിലേക്ക് വച്ചു പിടിച്ചു . മൈസൂര്‍ - ബാന്‍ഗ്ലൂര്‍ ഹൈവേ ഒരൊന്നൊന്നര സംഭവം തന്നെ . പൊളപ്പന്‍ റോഡ്‌ . കിടു റോഡ്‌സൈഡ് . അന്നത്തെ ഉയര്‍ന്ന വേഗത 109 Km/hr .

ഞാനും ബൈക്കും (പശ്ചാത്തലത്തില്‍ ഏതോ ബസിന്‍റെ ടയറും )
ഫൈസലും ഓന്‍റെ  ഒലക്കേമെലെ പോസും

പത്തു-പത്തര ആവുമ്പോള്‍ മൈസൂര്‍ എത്തി ഭക്ഷണം കഴിച്ചു . അവിടെ നിന്ന് ഊട്ടി-കാലിക്കറ്റ് റോഡില്‍ കയറി . മൈസൂര്‍ നിന്ന് വണ്ടിയെടുത്ത ഫൈസലിനു ഒരു KarnatakaRTC ബസുമായി ഞാന്‍ ജീവിതത്തില്‍ മറക്കാത്ത ഒരു Close-Call , എന്നുവച്ചാല്‍ , മുട്ടി മുട്ടീല എന്ന മട്ടിലുള്ള ആ സംഗതി .


വീണ്ടും ഫൈസല്‍ , വിത്തൌട്ട് ഒലക്കേമെലെ പോസ്

ബൈക്കിന്‍റെ പിന്നില്‍ സുഖമായിരിക്കുന്നതിനേക്കാള്‍ നല്ലത് ബൈക്ക് ഓടിക്കുന്നത് തന്നെയാണ് . പിന്നില്‍ വെറുതെ ഇരുന്നാല്‍ നടുവിന്റെ മുല്ലപ്പെരിയാര്‍ പൊട്ടും . ഡ്രൈവ് ചെയ്യുന്ന ആള്‍ക്ക് താരതമ്യേന ക്ഷീണം കുറവായിരിക്കും .  അങ്ങനെ ഞങ്ങള്‍ ഗുണ്ടല്‍പേട്ട് എത്തി . അവിടെയാണല്ലോ ഊട്ടിയിലേക്കും വയനാട്ടിലേക്കും വഴി പിരിയുന്നത് . വയനാടന്‍ കാടുകളിലേക്ക് കടന്നപ്പോള്‍ തോന്നി കാടാകെ ക്ഷീണിച്ചിരിക്കുന്നുവെന്ന് . ഉണങ്ങിക്കരിഞ്ഞു പോയ ഒരു കാടിനെയാണ് ആ ഫെബ്രുവരിയില്‍ ഞാന്‍ കണ്ടത് .

ഇതെന്ത് കാട് ?

കാട്ടില്‍ കയറി കുറച്ചങ്ങു പോയപ്പോള്‍ ഒരു ബൈക്കുകാരന്‍ അപ്പുറത്ത് ആനയുണ്ട് സൂക്ഷിക്കണമെന്ന് പറഞ്ഞു . അത് പ്രതീക്ഷിച്ചു തന്നെയാണല്ലോ വന്നത് . അതൊക്കെയല്ലേ ഇതിന്റെയൊരു മറ്റേത് . പക്ഷെ പേടി തോന്നി . വേണം , ന്നാലോ മാണ്ട . അങ്ങനെയൊരു അവസ്ഥ . പ്രിയ വായനക്കാര്‍ ഇങ്ങനെയുള്ള ചില സന്ദര്‍ഭങ്ങള്‍ താഴെയുള്ള കമെന്റ് ബോക്സില്‍ എഴുതുമല്ലോ ..... ആഗ്രഹവും ഭയവും കലര്‍ന്ന ......... ആ , അതെന്നെ .


( തുടരും ....... തുടരട്ടെ ? )