Saturday, April 6, 2013

അല്‍ - സ്റ്റീല്‍ അഥവാ ഞാന്‍ ടെര്‍മിനേറ്റര്‍ ആയ കഥ


എന്‍റെ നാലാം ക്ലാസിലെ അവധിക്കാലം ഒരു സംഭവം തന്നെയാണേയ് .അന്നൊക്കെ മീനിന്‍റെ സ്വാഭാവമാണ്‌ട്ടോ - മീനെപ്പോഴും നീന്തിക്കൊണ്ടിരിക്കുവാണല്ലോ .  ഞാനെപ്പോഴും കളിയിലും വായനയിലും ബിസിയാവും . അത് നിര്‍ത്തിയാല്‍ വെള്ളത്തീന്നു ചാടിയ മീനിന്‍റെ പോലെ എനിക്ക് ശ്വാസം മുട്ടും . അന്നെന്റെ സൗന്ദര്യവും ആത്മാവും സ്വത്വവും അനന്തവിഹായസിലെ ആന്തോളനവും എന്ന് വേണ്ട എന്‍റെ എല്ലാമെല്ലാം കളി ആയിരുന്നു - ഫുട്ബാള്‍ ,ക്രിക്കെറ്റ് ,ഗോള്‍ഫ് , ചെസ് ,ഡോമിനോസ് ,കംപ്യുട്ടര്‍  വീഡിയോ ഗേംസ്   ഏത് കളി ആയാലും എനിക്ക് ഡോമിനേറ്റ് ചെയ്യണമെന്ന വാശിയാണ് .മൊസൈക്ക് ഇട്ട വീട്ടിന്‍റെ ഹാളില്‍ ക്രിക്കെറ്റ് ബാളും ഷട്ടില്‍ ബാറ്റും വച്ച്  ഞാന്‍ ആവിഷ്കരിച്ച ഹോക്കിക്ക്  പേറ്റന്റ് ഇതുവരെ ആയിട്ടില്ല . വെയിലെന്നോ മഴയെന്നോ ഇല്ലാത്ത ആ കളിപ്രാന്തിനു സമാസമം കുളിപ്രാന്ത് കൂടി ഉണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ കറുത്ത് പോവില്ലായിരുന്നു . വായനാന്നു പറഞ്ഞാല്‍, വായിച്ചുകൊണ്ടിരിക്കുംബം കൊടുങ്കാറ്റടിച്ചാല്‍ പിറ്റേന്നത്തെ പത്രം വായിച്ചാണ് കാറ്റിന്‍റെ വിവരം ഞാനറിയുകയുള്ളൂ . ഒരു ദിവസം രണ്ടു ബുക്ക് എടുക്കണമെങ്കില്‍ ഇരട്ടി മെമ്പര്‍ഷിപ് എടുക്കണം  , അതോണ്ട് ലൈബ്രറിയില്‍ ഇരട്ടി പൈസ (അഞ്ചോ പത്തോ ) വേണം വാപ്പാ എന്ന് വാപ്പാനെ പറഞ്ഞു മനസിലാക്കാന്‍ ഞാന്‍ പെട്ട പാട് ഇങ്ങക്കൊന്നും മനസിലാവൂല .കാരണം , ദിവസവും പോയി ബുക്കെടുക്കുന്ന ചെക്കന് ഇനിയെന്തിനാണ് രണ്ട് ബുക്ക് ?

ഇത് പശ്ചാത്തല വിവരണം .  പറഞ്ഞു വന്നത് , നാലാം ക്ലാസിലെ അവധിക്കാലം . പരീക്ഷ കഴിഞ്ഞു അവധി ആര്‍മാദിക്കാന്‍ തയ്യാറായി ഞാന്‍ നില്‍ക്കുമ്പോ ഏപ്രില്‍ നാലിന് രാവിലെ ഉമ്മ എനിക്ക് അന്ന് വളരെ ഇഷ്ടമുണ്ടായിരുന്ന "പോള" ആണ് ബ്രേക്ഫാസ്റ്റ് എന്ന് പ്രഖ്യാപിക്കുന്നു . ഞാന്‍ സുബ്ഹിക്കെണീച്ച് മാങ്ങപെറുക്കലും സുലയ്മാനിയും പത്രം വായനയും കഴിഞ്ഞു ബാറ്റും ബോളുമെടുത്തിറങ്ങി . സാമഗ്രികളൊക്കെ എടുത്തു എല്ലാവരേം വിളിച്ചു കളി തുടങ്ങുന്നതൊക്കെ കണ്ടാല്‍ തോന്നും ഇവനാണ് നേതാവെന്നു . പക്ഷെ , ഞാനന്ന് ചെണ്ടയായിരുന്നു . എല്ലാ കൂട്ടത്തിലും ഏതു തൊരപ്പനും ഒന്ന് തോണ്ടിക്കളിക്കാന്‍ ഒരുത്തന്‍ ഉണ്ടാവുമല്ലോ . അതിനെയാണ് ഞാന്‍ ചെണ്ട എന്നുദ്ദേശിച്ചത് . ഞമ്മള് നല്ലത് പറഞ്ഞാലും വെടക്ക് പറഞ്ഞാലും വെര്ണോനും പോണോനും ഒന്ന് കൊട്ടിയിട്ടു പോവും - ചെണ്ട . എന്‍റെ കളിക്കൂട്ടത്തില്‍ ഏറ്റവും ജൂനിയര്‍ ഞാനായിരുന്നത്കൊണ്ടും വ്യത്യസ്തമായ സ്വഭാവരീതി കൊണ്ടും പിന്നെന്താപ്പൊ പറയ ഭാഗ്യം കൊണ്ടും ഞാനായിരുന്നു ചെണ്ട  . അഭിമാനത്തില്‍ തൊട്ടാല്‍ എന്‍റെ കുരു പൊട്ടിക്കാമായിരുന്നു . "ആണാണെങ്കില്‍ ......." എന്ന് പറഞ്ഞു തുടങ്ങുന്ന ഏതു വെല്ലുവിളിയും കുറഞ്ഞ ചിലവില്‍ അന്ന് ഞാനെറ്റെടുക്കും .

അപ്പൊ ഏപ്രില്‍ നാല്. പതിവുപോലെ അന്ന് രാവിലെയും കളിസാമഗ്രികലുമായിറങ്ങി  രാവിലത്തെ കളി കഴിഞ്ഞു വന്നു . "പോളപ്രഖ്യാപനം" കഴിഞ്ഞത് മുതലെന്‍റെ നാവു പോളയെയും കാത്തു മണിയറയിലെ മണവാട്ടിയെപ്പോലങ്ങനെ ഇരിക്കുവാരുന്നു . കളി കഴിഞ്ഞു വന്നു നോക്കുമ്പോള്‍ പോള വേവുന്നെ ഉള്ളൂ . ഞാനാണെങ്കില്‍ വെള്ളത്തിലിട്ട മീനാണല്ലോ .പോള വേവുന്നത് വരെ  അപ്പൊ ഇനി എന്ത് ചെയ്യും ? വീട്ടില്‍ ടീവി ഇല്ല . കമ്പ്യുട്ടറില്‍ ആണെങ്കില്‍ ഇക്കാക്ക കുടിയിരുന്നിരിക്കുന്നു . ഇനി ഇക്ക എങ്ങോട്ടെങ്കിലും ഇറങ്ങിയാലെ കുടിയൊഴിയുകയുള്ളൂ . കുടിയൊഴിപ്പിക്കാന്‍ എന്റെലും ചില മന്ത്രങ്ങളൊക്കെയുണ്ട് . തല്‍ക്കാലം വേണ്ട . പോള വേവുന്നത് വരെയുള്ള സമയം എന്ത് ചെയ്യും ? വെറുതെ ഇരിക്കാന്‍ പറ്റില്ല . ഞാനെന്‍റെ നീല M.T.B(Maarada Thendi Brake-illa എന്നാണത്രേ ഫുള്‍ ഫോം ) സൈക്കിള്‍ എടുത്തു "റൌണ്ട്സിനിറങ്ങി" . ചീറിപ്പാഞ്ഞു വന്നു പറമ്പിന്റെ അറ്റത്തു നിന്ന് പാടവരമ്പ് പോലുള്ള റോഡിലെക്കെത്തി . ഇരുവശത്തും പാടല്ലേ പാടം (കുയ്യല്ലേ കുയ്യ്) . നോക്കുംബതാ വരുന്നു അപ്പുറത്തെ വീട്ടീന്ന് പാല് കൊണ്ടത്തരുന്ന ഷഫീക്ക്  സൈക്കിളില്‍ . സത്യായ്ട്ടും ഓന് റോഡിന്‍റെ(വഴിയുടെ) വലതുവശത്തൂടെ ആണ് സൈക്കിള്‍ ഓട്ടിച്ചിരുന്നത് .  നിയമം മനസാ വാചാ കര്‍മണാ പാലിക്കുന്ന ഞാന്‍ റോഡിന്‍റെ ഇടതുവശത്ത് അങ്ങോട്ടും . മൂപ്പര് നിയമം തെറ്റിച്ചത് ഇഷ്ടായില്ലെങ്കിലും ഞാന്‍ സൈഡ് മാറിക്കൊടുത്തു . നോക്കുമ്പോ മൂപ്പരും സൈഡ് മാറി .ഞാന്‍ വീണ്ടും സൈഡ് മാറി . മൂപ്പരും . നിര്‍ഭാഗ്യമെന്നു പറയട്ടെ , പിന്നെ സൈഡ്മാറിക്കളി തുടരാന്‍ പറ്റിയില്ല - കൂട്ടിയിടിക്കാന്‍ പോയ സൈക്കിള്‍ ഞാന്‍ വെട്ടിച്ചത് നേരെ പാടത്തേക്ക് . ഒരു നിമിഷത്തേക്ക് സ്വര്‍ഗത്തിലെത്തിയോ എന്ന് ഞാന്‍ സംശയിച്ചു . ഇല്ല, പാടത്ത് തന്നെയാണ് . ഇടതു കൈ കുത്തി എണീക്കാന്‍ നോക്കി . ന്ദെ !!! കൈയ്യെവിടെ ? വലതു കൈ കുത്തി എണീച്ചു നോക്കുമ്പോള്‍ ഇടതു കൈ മുട്ടില്‍ തൂങ്ങി കിടപ്പുണ്ട് . ഒടിഞ്ഞിരിക്കുന്നു . സന്തോസായി . വലതു കൈ ആയിരുന്നെങ്കി പോള തിന്നാന്‍ പറ്റില്ലായിരുന്നു . അല്ല മോനേ , ഇങ്ങനെ പാടത്ത് കിടന്നാ മത്യാ ? എണീച്ചു . ഷഫീക്ക് സൈക്കിളും ഉരുട്ടി കൂടെ നടന്നു . എനിക്ക് നീരസം തോന്നി - ഓടിക്കാനറിയാതെ മനുഷ്യനെ തള്ളിയിട്ടു കയ്യൊടിച്ചു ഇപ്പൊ വല്യ രക്ഷകന്‍ വന്നിരിക്കണ് , ഹും !

മണ്ടിപ്പാഞ്ഞു കുടീലെത്ത്യെപ്പോ വീട്ടുകാര്‍ക്കാകെ സര്‍പ്രൈസ് . അങ്ങനെ നേരെ ആശുപത്രിയിലേക്ക് .  സത്യം പറയാലോ , അന്ന് ആശുപത്രിയില്‍ സ്ട്രെച്ചറില്‍ കിടത്തി കൊണ്ടോവുമ്പോള്‍ ആളുകള്‍ എന്തോ വല്യ സംഭവം എന്ന പോലെ നോക്കിക്കൊണ്ടിരുന്നതായിരുന്നു കയ്യൊടിഞ്ഞു തൂങ്ങി അങ്കലാപ്പിലായ എന്‍റെ ഏക ആശ്വാസം - ഹാവൂ ! ഞാനും ഒരു "വല്യ രോഗി" ആയിരിക്കുന്നു (നഊദുബില്ലാഹ്) . അങ്ങനെ സ്കാനിങ്ങും ചെക്കിങ്ങുമെല്ലാം കഴിഞ്ഞപ്പം ഡോക്ടര്‍ പറഞ്ഞു , "സ്റ്റീല്‍ ഇടണം" . അപ്പളും സന്തോസം . ഹായ് , കയ്യിന്‍റെ ഉള്ളീല് സ്ട്ടീലൊക്കെ ഇട്ടു ടെര്‍മിനേറ്റര്‍ മാതിരി , എന്‍റെ പൊന്നെ ! . സ്ട്ടീലിട്ടു രണ്ടു ദിവസം നല്ല വേദനയായിരുന്നു . ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു "ഒന്നര മാസം റെസ്റ്റ് വേണം" . പടച്ചതംബുരാനെ !!! ദാ കെടക്കണ് എന്‍റെ സമ്മര്‍ വെക്കേഷന്‍ . പത്തു മാസം കാത്തിരുന്നു പെറ്റ പോലെ പത്തു മാസം സ്കൂളീ പോയി കിട്ടിയ ന്‍റെ വെക്കേഷന്‍ ! സങ്കടം സഹിക്കാന്‍ പറ്റീല . "സാര്‍ , എന്തെങ്കിലും ഡിസ്കൗണ്ട് ? " . "കയ്യനക്കാതെ ഒരു ഭാഗത്ത് കിടന്നു നല്ലോണം റെസ്റ്റ് എടുത്തില്ലെങ്കില്‍ കൂടുതല്‍ കിടക്കേണ്ടി വരും" അത്രേയുള്ളൂ . അങ്ങനെ വീട്ടില്‍ വന്നു ഒന്നര മാസം കിടന്നു . വായനാശീലമെങ്കിലും ഉണ്ടായത് നന്നായി  . അല്ലെങ്കി ഞാന്‍ തുരുംബെടുത്തെനെ . ഒന്നര മാസത്തിനിടക്ക് പല തവണ പറഞ്ഞിരുന്നു , "ഇപ്പൊ ജോയിന്‍റ് ആയെന്നു തോന്നുന്നു , ഇനി അയ്ച്ചാലോ ? " . ആറ്റുനോറ്റൊരു വേനലവധി പാടത്ത് വീണ് പോയി എന്ന് കവി പാടിയിട്ടുണ്ട് .
എന്നാലും ഒരിക്കലും തിന്നാന്‍ പറ്റാത്ത അന്നത്തെ പോളയുടെ രുചി നാവിലുണ്ട് . പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും ...................


കാണാനൊരു ലുക്കില്ല്യാന്നെ ഒള്ളൂ ! ;)