Saturday, January 19, 2013

പ്രവാസീ , എന്താണ് അന്‍റെ കൊയപ്പം ?


അല്ല , എന്താണ് നിങ്ങളുടെ പ്രശ്നം ? നിങ്ങള്‍ കൊല്ലാക്കൊല ചെയ്യപ്പെടുകയാണെന്നു കേട്ടിട്ട് നെഞ്ചകം പൊള്ളി മേപ്പട്ടും കീപ്പട്ടും നിക്കാന്‍ പറ്റണില്ല നിക്ക് . നിങ്ങള്‍ കൊടുത്തയക്കണ റിയാലിന്റെ വൈദ്യുതിയില്‍ ഫെയ്സ്ബുക്കില്‍ കേറുന്ന ഞങ്ങള്‍ പാവം കേരളത്തിലെ പിച്ചക്കാര്‍ക്ക്‌ ഇതൊക്കെ കേട്ടാല്‍ ഒറക്കം നല്ലോണം വര്വോ ?

ഇന്നാലും പടച്ചോന്‍ നിങ്ങളെ മാത്രം പ്രവാസി ആക്കീട്ട് ഞങ്ങളെ മഹാബലിയുടെ സുന്ദര കേരളത്തില്‍ വാഴാന്‍ വിട്ടത് അനീതിയല്ലേ ? ആണോ ? അല്ലേ ? ആണ്  ആണ് .

അല്ലാ , നിങ്ങള്‍ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് പ്രവാസി ആവാന്‍ നിന്നത് ? "ആരും പ്രവാസി ആയി ജനിക്കുന്നില്ല . ജീവിത സാഹചര്യങ്ങള്‍ അവനെ പ്രവാസി ആക്കുകയാണ്" . ആ പാട്ട് ഇജ്ജ് ഞമ്മളടുത്ത് പാടണ്ട . ചെങ്ങായി , ജീവിത സാഹചര്യങ്ങളില്‍ അവന്‍ പ്രവാസി ആവുകയാണ് എന്ന് പറഞ്ഞോളീ . ഞമ്മക്കൊരു കുഴപ്പവും ഇല്ല  . നിങ്ങള്‍ കുറേ കാലമായല്ലോ പറയുന്നു ഈ പ്രവാസത്തിനു നിര്‍ബന്ധിക്കുന്ന സാഹചര്യം . എങ്ങനെയാണ് ഈ പ്രവാസത്തിനു നിര്‍ബന്ധിതനാവുന്ന സാഹചര്യം (അക്കരെയുള്ള ദിര്‍ഹം മോഹം അല്ലാതെ) എന്ന് ഒന്ന് പറഞ്ഞു തര്വോ ?

പറഞ്ഞു പറഞ്ഞു കുറച്ചങ്ങെത്തിയാല്‍ നിങ്ങള്‍ പറയാന്‍ തുടങ്ങും കേരളത്തിന്‍റെ സാമ്പത്തിക മേഖല നിയന്ത്രിക്കാന്‍ നിങ്ങള്‍ പെടുന്ന പെടാപാട് . അതൊക്കെ ഒള്ളയാണോ മാഷെ? കെട്ട്യോള്‍ടെ കെട്ടുതാലി വിറ്റ് എയര്‍ ഇന്ത്യാന്‍റെ പാട്ടവണ്ടി കേറി കേരളത്തിന് സാമ്പത്തികം ഉണ്ടാക്കാന്‍  മരുഭൂവില്‍ ചെന്നവര്‍ എത്ര ശതമാനം വരും പ്രവാസികളില്‍ ?  സാമ്പത്തിക മേഖല നിയന്ത്രിക്കാനാണോ അറബിയുടെ ആട്ടും തുപ്പും കേട്ടും അല്ലാതെയും നാടും വീടും വിട്ടു പൊരിവെയിലത്ത് കഷ്ടപ്പെടുന്നത് ? ('എല്ലാ പ്രവാസികളും' പൊരിവെയിലത്തും  കൊടും തണുപ്പത്തും കഷ്ടപ്പെട്ട് പണിയെടുത്താണ് ചീര്‍ത്തു വരുന്നതെന്ന് പ്രവാസോപീടിയ ഒന്നാം വാല്യം രണ്ടാം ഖണ്ഡത്തില്‍ പറയുന്നുണ്ട് . പൊരിവെയില് ചേര്‍ക്കാത്ത പ്രവാസം ഫെയ്സ്ബുക്കില്ലാത്ത നെറ്റ് പോലെയാണ് എന്ന് പ്രവാസിമതം. )

എന്‍റെ അറിവില്‍ സാമ്പത്തിക മേഖലക്ക് പുട്ടുണ്ടാക്കാന്‍ ആരും ഗള്‍ഫില്‍ പോയിട്ടില്ല . നാട്ടാരുടെ പൈപ്പ് മാറ്റാന്‍  നാട്ടിലും ആരും ഒരു ചായക്കട പോലും നടത്തുന്നില്ല . എന്നുവച്ച് ചായക്കടക്കാരന്‍ ഹംസക്ക സ്വാര്‍ഥന്‍ ആണെന്നാണോ പറയുന്നത് ? ഒരിക്കലുമല്ല. പ്രവാസി ആവുന്നതും നാട്ടില്‍ മുട്ടില്ലാണ്ട് ജീവിക്കാന്‍ കഷ്ടപ്പെടുന്നതും ഒക്കെ മാന്യമായ ഉപജീവന മാര്‍ഗങ്ങള്‍ ആണ്. അതിനെ അങ്ങനെ കാണുന്നതിനു പകരം സാമ്പത്തിക മേഖലാ ബഡായി ഇറക്കി വെറുതെ മമ്മൂഞ്ഞ് ആവണ്ട നിങ്ങള്‍ . "മലയാള സിനിമക്ക് വേണ്ടി ഒട്ടേറെ ത്യാഗങ്ങള്‍ അനുഭവിച്ച ആ രണ്ടു മഹാനടന്മാര്‍""," എന്ന് പണ്ടെവിടെയോ വായിച്ചപ്പോള്‍ അന്ന് ത്യാഗം എന്ന വാക്ക് എന്‍റെ മനസ്സില്‍ കുത്തിക്കീറി പരിശോധനക്ക് വിധേയമായി . (ഫാന്‍സുകാര്‍ മറുപടി പറയണ്ടാ. ഞാന്‍ മൈന്‍ഡ് ചെയ്യൂല ) .

നിങ്ങള്‍ പറയും നിങ്ങളെ ഇപ്പോള്‍ മലയാളി വിലമതിക്കുന്നില്ല , പരിഗണിക്കുന്നില്ല  എന്നൊക്കെ. ആണോ ? അതൊക്കെ തോന്നലാണ്. ആര്‍ക്കാണിവിടെ പ്രവാസിയെ പുച്ഛം ?  ദിര്‍ഹം ഉണ്ടാക്കുന്ന ചെക്കന്മാര്‍ക്ക് (അതെത്ര കുറഞ്ഞാലും ശരി) നാടന്‍ ചെക്കന്മാരുടെ മേല്‍ വിവാഹക്കമ്പോളത്തില്‍ ഉള്ള മേല്‍കോയ്മ ഇനിയും തകരാത്തത് തന്നെ ഒരുദാഹരണം. അതില്‍ പ്രതിഷേധിച്ചു വികാരനിര്‍ഭരമായ കുറച്ചു പോസ്റ്റുകള്‍ ഇറക്കൂ എന്നാണു നാടന്‍ ചൊപ്പന്മാ......... ഛെ ! ചെക്കന്മാരോട് അനിയനെന്ന നിലയില്‍ എനിക്ക് പറയാനുള്ളത്. നമ്മുടെ നാട് കാണാന്‍ വരുന്ന , നമ്മുടെ സംസ്കാരത്തോട്‌ അല്പം ബഹുമാനമുള്ള സായിപ്പന്മാരോട് ഉണ്ട് മലയാളിക്ക് പുച്ഛം. ബിയ്യം കായല് കാണിച്ചു ഗംഗാ നദി എന്ന് പറഞ്ഞേക്കാം ചിലപ്പോ അവരോടു . അത്രക്കും പുച്ഛം നാടും വീടും വിട്ടു ഉന്നതമായ ബുദ്ധിയും ശരീരവും അന്യനാട്ടില്‍ ചിലവഴിച്ചു സ്വന്തം ഗജനാവ് നിറക്കുന്ന വല്യ കോര്പരെറ്റ് പ്രവാസികളോട് ഇല്ല.

പ്രവാസം എന്ന് പറഞ്ഞാല്‍ പ്രവാസം തന്ന്യാ. അന്യദേശത്ത് വസിക്കുന്നവനാണ് പ്രവാസി . കുടിയേറുന്നത് പോലെ അല്ല. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ ഒരു അന്യതാ ബോധം ഉണ്ടാവില്ല. അവര്‍ ഇങ്ങോട്ട് പറിച്ചു നട്ടവരാണ് . അവര്‍ ഇനി ഇവിടത്ത്കാരാണ് . എന്നാല്‍ പ്രവാസി എപ്പോഴും മലപ്പുറം സ്വദേശി ആയ ഒരു ഖത്തര്‍ പ്രവാസിയോ കൊല്ലം സ്വദേശി ആയ സൗദി പ്രവാസിയോ ആണ് . പൊന്നാനിക്കാരന്‍ ആയ അമേരിക്കന്‍ പ്രവാസി ; അങ്ങനെയും പറയാം. ഈ പ്രവാസികള്‍ എല്ലാം തന്‍റെ സ്വത്വമലയുന്ന നാടിനെ കുറിച്ചുള്ള ഓര്‍മയിലാണ് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത് . നാടിനോട് ചേരാന്‍ ഉള്ളം തുടിക്കുകയാണ് . ആ തുടിപ്പ് ഈ വിരഹം അറിയാത്തവര്‍ക്ക് മനസിലായിക്കൊള്ളണമെന്നില്ല. എന്‍റെ ഒരു അടുത്ത ബന്ധു പ്രവാസി ഇന്നേവരെ എന്‍റെ വീട്ടിന്‍റെ സിട്ടൌട്ടിലെ പ്രകൃതിഭംഗി ആസ്വദിച്ചു കഴിഞ്ഞിട്ടില്ല. എനിക്കാണേല്‍ ഇക്കണ്ട കാലം വരെയും അവിടെ ഒരു ഭംഗിയും തോന്നിയിട്ടുമില്ല . ഈ ഗൃഹാതുരത നാടിനെ സ്നേഹിക്കുന്ന എല്ലാ പ്രവാസിക്കും സ്വാഭാവികമായും ഉണ്ടാവേണ്ടത് തന്നെ. അതുപോലെ , സ്നേഹിക്കുന്നവരോടുള്ള വേര്‍പാടും . ഇതിലെല്ലാം ഭീകരമാണ് നഗരജീവിതത്തിലെ യാന്ത്രികത .

ഇതെല്ലാം സമ്മാനിക്കുന്ന മാനസിക അരക്ഷിതാവസ്ഥ ആണ് ഇരുപത്തിനാല് മണിക്കൂറും ഫെയ്സ്ബുക്കില്‍ ഇരിക്കുന്ന പ്രവാസികളെ പോലും രോദനങ്ങളുടെ സുനാമി തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ജോലിസ്ഥലത്ത് പ്രശ്നം , താമസിക്കുന്ന റൂമില്‍ വെള്ളമില്ല , വരുന്ന ബീമാനത്തില്‍ പ്രശ്നം , അന്‍റെ പത്രാസ് കണ്ടു വെള്ളമൊലിപ്പിച്ചു പൌണ്ടരിട്ടൊരു അന്‍റെ മോന്തമ്മേ നോക്കാതെ  പോക്കെറ്റിലേക്ക് നോക്കുന്ന എച്ചി നാട്ടുകാരും പ്രശ്നം . പ്രശ്നോട് പ്രശ്ന് !!! എന്നാ പിന്നെ ഇങ്ങട്ട് പോരെ ചെങ്ങായീ    എന്ന് പറഞ്ഞാല്‍ ജീവിതം എന്നെ പ്രവാസി ആക്കുന്നതാണ് എന്ന പാട്ട് പിന്നേം ഒന്നുടെ ശ്രുതി കൂട്ടി പാടും .

മലയാളി എന്ന നിലയില്‍ നമ്മുടെ ദുരഭിമാനം ചെയ്യാന്‍ അനുവദിക്കാത്ത  തൊഴിലില്ലായ്മയെ ഈ മലയാളനാട്ടിലുള്ളൂ . പിന്നെ , നീ ഓരിയിടുന്ന തൊഴിലിടങ്ങളിലെ പ്രതിസന്ധികള്‍ ഉണ്ടല്ലോ , അതൊക്കെ ഇവിടെയും ആവശ്യത്തിനും അനാവശ്യത്തിനും ഉണ്ട്. പ്രതിസന്ധി ഉള്ള ഇവിടത്തെ തൊഴിലുകളെ നീ തഴഞ്ഞതാണ് നിനക്ക് അത് അറിയാത്തത്. നമ്മളെല്ലാം ആട്ടുകയും തുപ്പുകയും വെറുക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ചുവപ്പ്നാടയിലും അവര്‍ക്ക് അവരുടേതായ പ്രശ്നങ്ങള്‍ ഉണ്ട് , മാനസികമായതും മറ്റും . തീര്‍ച്ചയായും പ്രതികരിക്കുകയും വേണം . എന്നാല്‍  , പ്രവാസിയുടെ തേങ്ങല്‍ കുറച്ചു കടുപ്പം തന്നെ . മുകളില്‍ പറഞ്ഞതും പറയാത്തതുമായ അനേകം മാനസിക സമ്മര്‍ദങ്ങള്‍ ആവാം അതിനു കാരണം .

ഈ രോദന ഉടായിപ്പില്‍ പ്രവാസിക്ക് മാച്ച് ഒത്ത ചരക്ക് ആണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രോദനം . രണ്ടു പേജ് എഴുതിയാ രണ്ടു മാര്‍ക്ക് തരുള്ളൂ , വര്‍ക്ക്ഷോപ്പ് ലാബില്‍  കയറിയാല്‍ നരകയാതനയാണ് തുടങ്ങി അവര്‍ക്കും ഉണ്ട് രോദനങ്ങളുടെ ഒരു നീണ്ട നിര.

ഈ രണ്ടു ടീമിനോടും എനിക്ക് പറയാനുള്ളത് , വെയ്ക്കൂലെങ്കി ഈ പരിപാടിക്ക് നിക്കണാ മക്കളേ? എന്നാണു .  ജന്മം കൊണ്ടോ വിധി കൊണ്ടോ ആരും പ്രവാസി ആവുന്നില്ല . തീരുമാനം കൊണ്ട് തന്നെയാണ് . ഇനി , അതല്ല തന്നിഷ്ടപ്രകാരം അല്ലാതെ നിര്‍ബന്ധിതമായി തൊഴിലെടുക്കേണ്ടി വരുന്നവര്‍ ഉണ്ടെങ്കില്‍ അത് നിയമലംഘനവും അവകാശനിഷേധവുമാണ് . അവരെ "മോചിപ്പിക്കെണ്ടതുണ്ട്" . അന്തസ്സായി ആണത്തത്തോടെ ചങ്കുറപ്പോടെ ഞാനെന്‍റെ ജീവിതം കരുപ്പിടിപ്പിക്കുന്നു എന്ന ആത്മവിശ്വാസത്തിന് പകരം മരുഭൂവിലെ ചൂടും കേരവൃക്ഷനാട്ടിലെ നാടും കാടും മലയും പുഴയും തോടും(റോഡും) താരതമ്യം ചെയ്തു നെടുവീര്‍പ്പിന്റെ അസുഖം പിടിപെട്ടവര്‍ തങ്ങളുടെ ജീവിതം നശിപ്പിക്കുകയാണ്.

പ്രവാസികള്‍ രാഷ്ട്രീയമായി തഴയപ്പെടുന്നു എന്നത് വേറൊരു വിഷയമാണ് . അത് ഒരുമിച്ചു നിന്ന് പരിഹാരം കാണുകയാണ് വേണ്ടത് .  എയര്‍ ഇന്ത്യ വിഷയം ഒരു പ്രവാസി വിഷയം ആയി എനിക്ക് തോന്നുന്നില്ല . അതില്‍ ഇത്ര "പ്രവാസി വൈകാരികത" കലര്‍ത്തെണ്ട കാര്യമില്ല . കാരണം , എയര്‍ ഇന്ത്യക്ക് അതിന്‍റെ യാത്രക്കാരോടെ ശത്രുത ഉള്ളൂ . പ്രവാസികളോടല്ല . വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞപോലെ, മുഖ്യമന്തിരി യാത്ര ചെയ്താലും തിരുവനന്തപുരത്ത് ഇറങ്ങാനുള്ള കൊച്ചി ഫ്ലൈറ്റ് വഴിയില്‍ തങ്ങില്ല . എയര്‍ ഇന്ത്യ എന്ന വിമാനക്കമ്പനിയുടെ കുത്തഴിഞ്ഞ സംവിധാനം ആണ് ശരിയാവേണ്ടത്. സ്വകാര്യവല്‍ക്കരണമോ ചക്കയോ മാങ്ങയോ എന്താന്നു വച്ചാല്‍ ചെയ്തു നന്നാക്കാന്‍ നോക്കണം .

പറഞ്ഞുവരുന്നത് , വെറുതെ കിടന്നു നിലവിളിക്കാതെ ഒരുമിച്ചു നിന്ന് നേടാനുള്ള അവകാശങ്ങള്‍ നേടുക . അനാവശ്യ ജാഡ ഒന്നിനും ഉപകാരപ്പെടില്ല എന്നോര്‍ക്കുക. താന്‍ ഏറ്റെടുത്ത ചലെന്ജ് ആണത്തത്തോടെ അഭിമുഖീകരിക്കുക . ഇനി അയ്നുള്ള കപ്പാസിറ്റി ഇല്ലെങ്കി ഇങ്ങോട്ട് പോരെ ; ഇവിടെ കുറെ ഇന്ജിനീരന്‍മാര്‍ തെക്കുവടക്ക് നടക്കുന്നു , ആല്‍ബം പിടിക്കുന്നു . അവരുടെ കൂടെ കൂടാം . അല്ലെങ്കി ഇവിടെ വന്നു വല്ല പലചരക്ക് കട നടത്തിയോ ടാസ്കി ഓടിച്ചോ കെട്ട്യോളും കുട്ട്യോളുമായി അന്തസ്സായി സുഖായി ജീവിച്ചു , അക്കരെയിരുന്നു മോങ്ങുന്ന "പെണ്‍കുട്ടികള്‍ക്ക്" കാണിച്ചുകൊടുക്ക് . അവര്‍ക്ക് അങ്ങാടിയില്‍ ആനപ്പുറത്ത് പോവേം വേണം , ആരുമൊട്ടു കാണാനും പാടൂല്ല !!!
വാലുംകണ്ടം
:- നിങ്ങളുടെ അഭിപ്രായം കമെന്‍റ് ആയി മാറുന്നതിനു മുമ്പ് ഒരു കാര്യം കൂടി അറിയിക്കാന്‍ ആഗ്രഹിക്കുന്നു . പ്രവാസികളോടുള്ള  എന്‍റെ മനോഭാവം  - സഹതാപത്തിണോ ആരാധനക്കോ പകരം , ബഹുമാനം . കാരണം , അവര്‍ പല വെല്ലുവിളികളും ഏറ്റെടുത്തവരാണ്. അവരുടെ കണ്ണീര്‍പുഴ അല്ല എനിക്ക് കാണേണ്ടത് . ചങ്കൂറ്റത്തിന്‍റെയും നിശ്ചയധാര്‍ട്യത്തിന്‍റെയും ഉത്തമോദാഹരണങ്ങള്‍ ആവണം അവര്‍ . (ഞമ്മള് പ്രവാസികളെ ഒരു തെറ്റ് ഉധേഷിചിട്ടില്ല . കഴുത കാമം കരഞ്ഞു തീര്‍ക്കുന്ന പോലെ ചില മേത്തരം പ്രവാസികള്‍ കണ്ണീരൊഴുക്കി അഭ്യാസം കളിക്കാരുണ്ട് . അത് മാത്രമാണ് ഞാന്‍ അന്നും ഇന്നും ഉധേഷിചിട്ടുള്ളത്.)