Sunday, August 18, 2013

ബാന്ഗ്ലൂരിയന്‍ യാത്രാനുഭവങ്ങള്‍ - 2കഥ ഇതുവരെ


അങ്ങനെ ആനയെയും നോക്കി പോയിട്ട് ഒരു ചേന പോലും കണ്ടില്ല . ഒരു മയില്‍ ഞങ്ങളുടെ തലക്ക് മുകളിലൂടെ പറന്നു പോയി (ഭാഗ്യത്തിന് ബോംബിട്ടില്ല ) . മാനുകളെ കണ്ടു . കാട് ആസ്വദിച്ചു തന്നെയായിരുന്നു യാത്ര . അതിര്‍ത്തിയെത്തിയെപ്പോള്‍ നിന്നും ഇരുന്നും കിടന്നും കര്‍ണാടകത്തിനു ടാറ്റ കാണിച്ചും മലയാളനാട്ടിനെ കെട്ടിപ്പിടിച്ചുമൊക്കെ  കുറച്ചു ഫോട്ടോസുമെടുത്തു . അവസാനം അതിര്‍ത്തി കടന്നു . പിന്നെ കാടും കടന്നു .

ഇനി കുറച്ചു നേരം ഞാന്‍ മ്ലാനവദനന്‍ ആവട്ടെ . എന്താന്നറിയോ ? അന്ന് അതിര്‍ത്തിയില്‍ നിന്ന് എടുത്തതടക്കം ആ ട്രിപ്പില്‍ ഫൈസലിന്‍റെ ക്യാമറയില്‍ എടുത്ത ഒറ്റ ഫോട്ടോയും പിന്നെ എനിക്ക് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല . ഫൈസലിനോട് ഇത് സ്വന്തം ആധാര്‍ കാര്‍ഡ് പോലെ സൂക്ഷിക്കണം എന്നൊക്കെ ആയിരം വട്ടം പറഞ്ഞിട്ടും ലവന്‍ ആ മെമ്മറി കാര്‍ഡ് കൊണ്ടോയി കളഞ്ഞു . ആധാര്‍ കാര്‍ഡിനു പുല്ല് വില !

ഇനി വയനാടന്‍ ഭംഗിയാണുള്ളത് .  അതും ആസ്വദിച്ചു പറന്നു . പിന്നെ വന്നത് താമരശ്ശേരി ചൊരം( :p ) . അതും പറന്നിറങ്ങി ; ഏതെങ്കിലും ഒരു ഡബ്ല്യു ഡി അവാര്‍ഡ് പ്രതീക്ഷിക്കുന്നു . ആവേശഭരിതമായ ഡ്രൈവിംഗ് . Adrenaline at its best എന്നാണു എനിക്ക് തോന്നിയത് .  അടുത്ത വരവില്‍ പക്ഷെ പതുക്കെയേ വരത്തൊള്ളൂ എന്ന് ഞാനന്ന് തീരുമാനിച്ചിരുന്നു . എന്നിട്ടെന്തു സംഭവിച്ചു ? അത് വഴിയെ പറയാം .

ഈ ചുരമൊക്കെ ഇങ്ങനെ വളഞ്ഞു തിരിഞ്ഞു പോണോ ? നേരയങ്ങു ഇറങ്ങിയാ പോരെ ??? 


ഉച്ച-ഉച്ചേമുക്കാലോടെ കൊയ്ക്കോടെത്തി (കോഴിക്കോട് ലാന്‍ഡ്‌ ചെയ്തെന്നു ) . ഫൈസലിനെ കണ്ണൂരേക്ക്‌ ട്രെയിനില്‍ കയറ്റി വിട്ടു . മീറ്റ്‌ ചെയ്യാമെന്ന് പറഞ്ഞ യുവബ്ലോഗര്‍ സംഗീത് വിനായകനെ വിളിച്ചു . പഹയന്‍ വിളിച്ചിട്ടെടുക്കുന്നില്ല . പുള്ളിയുടെ വക നല്ലൊരു ട്രീറ്റ് ഗുണിച്ചും കൂട്ടിയും ഇരുന്ന ഞാന്‍ പതുക്കെ അത് ഹരിച്ചും കുറച്ചും തുടങ്ങി . അവസാനം വിളിച്ചിട്ട് കിട്ടാതെ ഞാന്‍ കോഴിക്കോട് വിട്ടു . പിന്നെയാണ് സംഗി തിരിച്ചു വിളിക്കുന്നത് . അങ്ങനെ തിരൂര്‍ വഴി നാട്ടിലേക്ക് . വീട്ടിലെത്തുമ്പോള്‍ കൃത്യം എഴുമണി ആവാന്‍ കൃത്യം പതിനെട്ടു മിനിറ്റ് അറുപത്തിമൂന്ന് സെക്കന്ഡ് .

യാത്രയുടെ ബാക്കിപത്രം :- മൊത്തം യാത്ര 480 കിലോമീറ്റെര്‍ .  ആയിരം രൂപയ്ക്കു പെട്രോള്‍ അടിച്ചതില്‍ ഇരുന്നൂറോളം രൂപയുടെ പെട്രോള്‍ ബാക്കി . പന്ത്രണ്ടു മണിക്കൂര്‍ അതിവേഗ യാത്ര . പടക്കം പൊട്ടിയാല്‍ മലയാള സിനിമയിലുപയോഗിക്കുന്ന മേക്ക് അപ്പ് പോലെ കറുത്ത് കരുവാളിച്ച മുഖം ,  ക്ഷീണിച്ചവശമായ ശരീരം , "ഇത് കൊള്ളാം , ഇനീം പോണം " എന്നുരുവിട്ടുകൊണ്ടിരിക്കുന്നൊരു മനസും .

April 2013 : കഷ്ടം തന്നെ ഈ യാത്ര
------------------------------------------------

ഏതോ ഒരു അവധി കഴിഞ്ഞുള്ള ആദ്യത്തെ പ്രവര്‍ത്തിദിവസമാണ് പിറ്റേന്നത്തെ തിങ്കള്‍ . അതുകൊണ്ട് തന്നെ ബസില്‍ തിരക്ക് പ്രതീക്ഷിച്ചിരുന്നു . പ്രൈവറ്റ് ബസും ട്രെയ്നുമൊന്നും ടിക്കറ്റ് കിട്ടാഞ്ഞതിനാല്‍ Ponnani-Blore KSRTC Super Fast നു തന്നെ പോവേണ്ടി വരികയായിരുന്നു . പൊന്നാനി Starting Station ആയിരുന്നതിനാല്‍ ആദ്യം പോയപ്പോള്‍ തന്നെ സീറ്റ് കിട്ടി . അത് ഭാഗ്യമായെന്നു പിന്നീടാണറിഞ്ഞത് . പൊന്നാനി വിടുമ്പോഴേക്കും ബസ് നിറയെ യാത്രക്കാര്‍ . വല്ല കോഴിക്കോടും ഇറങ്ങാനുള്ളവരാവും . ഇവര്‍ക്കൊക്കെ വേറെ ഏതെങ്കിലും ബസില്‍ കയറിയാല്‍ പോരെ , വെറുതെ തിക്കിത്തിരക്കി "ഞങ്ങളുടെ " ബസില്‍ കയറണോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു . എനിക്ക് കൂടുതല്‍ വിജ്രുംബിക്കാന്‍  അത്ഭുതങ്ങള്‍ വരാനിരുന്നതെ ഉണ്ടായിരുന്നുള്ളൂ .........

(തുടരും ......)

അറിയിപ്പ് :
------------------

വായനക്കാരുടെ ക്ഷേമത്തില്‍ താല്പര്യമുള്ളവന്‍ Ponnആണിക്കാരന്‍ . "മ്ലാനവദനന്‍ " എന്ന് വായിച്ചു നാവുളുക്കിയവരുടെ ചികിത്സാചിലവുകള്‍ ഈ ബ്ലോഗിന്‍റെ ഉത്തരവാദിത്വത്തില്‍ ഏറ്റെടുക്കുന്നു :p .

Sunday, July 14, 2013

ബാന്ഗ്ലൂരിയന്‍ യാത്രാനുഭവങ്ങള്‍

ബാന്ഗ്ലൂരിയന്‍ യാത്രാനുഭവങ്ങള്‍ ഇവിടെ കുറിച്ചിടണമെന്നു കുറെയായി കരുതുന്നു . ഓര്‍മകള്‍ എത്രത്തോളം ഫ്രഷ്‌ ആകുന്നുവോ അത്രയും റിയാലിറ്റി അതിനുണ്ടാവും . അത് പഴകുംതോറും ഒരുതരം നൊസ്റ്റി അതിനെ മൂടിത്തുടങ്ങും. എന്നുവച്ചാല്‍ , ഒരു ഓര്‍മയെ പറ്റിയുള്ള ഏറ്റവും വിജ്രുംബിതമായ വികാരം അതിനെ കീഴ്പ്പെടുത്തും . ഉദാഹരിക്കുകയാണെങ്കില്‍ , മാങ്ങയുടെ മധുരവും മഴയുടെ കുളിരും മാത്രം നിറഞ്ഞു നില്‍ക്കും ; മാങ്ങക്കെറിഞ്ഞു പൊട്ടിച്ച ചില്ലും ഉണക്കാനിട്ട ഡ്രസ്സ് മഴയത്ത് നനഞ്ഞു കുതിര്‍ന്നതും നൊസ്റ്റാള്‍ജിക്കല്‍ (ഐ മീന്‍ ഒലിപ്പിക്കല്‍ ) വാല്യു കുറഞ്ഞ ഉരുപ്പടികളായതിനാല്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടെ ഉണ്ടാവില്ല (അഥവാ അങ്ങനെയുള്ള ഓര്‍മകള്‍ക്ക് ദീര്‍ഘായുസ് കാണില്ല) !!! . ദുരിതവും കഷ്ടപ്പാടും ആയിരുന്നു ഭൂതകാലത്തില്‍ കൂടുതലുമെങ്കില്‍ , ഓര്‍മകളില്‍ ഒരു നല്ല കാര്യവും തനിക്ക് സംഭവിച്ചിട്ടെ ഇല്ലെന്നായിരിക്കും .  കൂടുതലുള്ള വികാരം കുറവുള്ള വികാരത്തെ കീഴ്പ്പെടുത്തും . നാണയത്തിന്റെ ഒരു വശം മാത്രം തിളങ്ങി നില്‍ക്കും . എല്ലാ കാര്യങ്ങളുമെന്നപോലെ ഇതും , പലര്‍ക്കും പല അളവിലാവും . ചിലര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ഓര്‍മകള്‍ പോലും യാഥാര്‍ത്യബോധത്തോടെയുള്ള അനുഭൂതിയാവണമെന്നില്ല . ചിലര്‍ക്കാവട്ടെ പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും നാണയത്തിന്റെ ഇരുവശവും മങ്ങാതെ മായാതെ ഓര്‍മകാണും .

സംഭവങ്ങള്‍ ഫ്രെഷ് ആയിരിക്കുമ്പോള്‍ അതിനു എന്ത് കൊണ്ട് യാഥാര്‍ത്യബോധം ഉണ്ടാവുന്നു , പിന്നീട് ഫാന്റസികലര്‍ന്ന നൊസ്റ്റിയാവുന്നതെങ്ങിനെ എന്നതാണ് കവി ഇവിടെ അന്വേഷിക്കാന്‍ ശ്രമിച്ചത് . അതുകൊണ്ട് കൂടുതല്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ കിട്ടുന്നത് വരെ കാത്തിരിക്കാതെ ഇപ്പൊ ഉള്ളത് വച്ച് ഞാനിതാ ഗുരുവേ ഒരു കാച്ച് കാച്ചുന്നു .  ഇനി , താത്വിക അവലോകനത്തില്‍ നിന്ന് കാര്യത്തിലേക്ക് .


July 2012 : ഒന്നാം ബാന്‍ഗ്ലൂര്‍ യുദ്ധം യാത്ര
-----------------------------------------------------------------------
 ബാന്‍ഗ്ലൂര്‍ പോയി നല്ലൊരു കോളേജ് കണ്ടുപിടിക്കാനുള്ള ഈ യാത്രയില്‍ സാഹസമെന്നു പറയാന്‍ പ്രത്യേകിച്ചൊന്നുമില്ല . പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ജീവിതത്തിലേക്കുള്ള കാല്‍വെപ്പ്‌ . ഇങ്ങനെ ഇടക്കിടക്ക് കാല്‍വെക്കാറുള്ളത് കൊണ്ടാണോ എന്നറിയില്ല , എന്‍റെ "പുതിയ ജീവിത" വിജ്രുംബന ഘടകം ഒരു സാധാ വിദ്യാര്‍ഥിയേക്കാള്‍  അല്പം താഴെയായിരുന്നു (അതില്‍ അഭിമാനമോ അപമാനമോ ഇല്ല , ഒരു വസ്തുത നിരീക്ഷിക്കുന്നു എന്ന് മാത്രം ) . ഇന്നുവരെയുള്ള ബാന്‍ഗ്ലൂര്‍ യാത്രകളില്‍ ഉറക്കം വരാതെ ഞാനോര്‍ത്തിരുന്നത് എന്താണോ, അന്നും അത് ഞാനോര്‍ത്തു . എന്നിട്ട് ഉറങ്ങാതെ, ചരിത്രസംഭവമാവുന്ന ആ യാത്രയുടെ ഓരോ നിമിഷവും ആ കൂരാകൂരിരുട്ടില്‍ ഞാന്‍ ഒപ്പിയെടുത്തു ( സുലൈമാനല്ല , പഹയന്‍ ഹനുമാന്‍ തന്നെ ) . കോളേജിലൊക്കെ ചേര്‍ന്ന് അന്ന് തിരിച്ചുവന്നത് വൈകീട്ടത്തെ ആറുമണിയുടെ ബാന്‍ഗ്ലൂര്‍ - കോഴിക്കോട് KSRTC ഇല്‍ . യാത്രാക്ലേശം എന്ന വാക്കിനെ അന്ന് ഞാന്‍ വിശദമായി പരിചയപ്പെട്ടു ; വര്‍ഷങ്ങളായി ഈ വാഹനത്തില്‍ ഇതുപോലെ യാത്രചെയ്യുന്നവരെയും , ആഴ്ചകളോളം അന്തമില്ലാത്ത ബഹറില്‍ യാത്ര ചെയ്ത് ഇന്ത്യയാണെന്ന് കരുതി അമേരിക്ക കണ്ടുപിടിച്ച മണ്ടന്‍ കൊളംബസിനെയും നമിച്ചു . കാടെത്തിയപ്പോള്‍ ഡ്രൈവറുമായി സംസാരിച്ചിരിക്കാന്‍ പോയി , മൃഗങ്ങളെ കാണാന്‍ . നാട്ടിലെ മൃഗങ്ങളെ പോലല്ല, കാട്ടിലെ മൃഗങ്ങള്‍ രാത്രിയാണത്രേ റോഡിലിറങ്ങുക .  ഇരുപത്തൊന്നു ആനകളെയും മുപ്പത്തിരണ്ട് പോത്തുകളെയും അഞ്ചു പുലികളെയും നാല്‍പ്പത്തിയെട്ടു മാനുകളെയും ഞാന്‍ കണ്ടു എന്ന് സത്യസന്ധനായ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കും എന്ന് എനിക്കറിയാം എന്ന് നിങ്ങള്‍ക്കറിയാം എന്ന് ഞാന്‍ കരുതുന്നത് കൊണ്ട് സത്യം വെളിപ്പെടുത്താം - രണ്ടോ മൂന്നോ ആനയെയും കരടി എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു നിഴല്‍രൂപത്തെയും ആനവണ്ടിയുടെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു .

September 2012 : ഒരു ഫുള്‍ ടിക്കെറ്റ് , നോ ഹാഫ് ടിക്കെറ്റ് , ഒരു ബൈക്ക് ടിക്കെറ്റ്
--------------------------------------------------------------------------------------------------
അതെന്നെ , ബൈക്കിനെ ബാന്ഗ്ലൂരേക്ക് കടത്താന്‍ ഒരു ടിക്കെറ്റെടുത്ത കഥ . ബൈക്ക് ബസില്‍ വച്ച് നാടുകടത്തുന്ന ഇടപാട് അറിയാത്തവരാണ് കേരളത്തിലെ 67.92% ആളുകളും എന്നാണു ഞെട്ടിപ്പിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ . മുസ്ലിംകളെല്ലാം പാക്കിസ്ഥാന്‍ അച്ചാരം പറ്റുന്ന നോണ്‍ ഇന്ത്യന്‍സ് ആണ് എന്നും അതേ റിപ്പോര്‍ട്ടിലുണ്ട് (കൃത്യമായ കണക്കുകള്‍ വച്ച് പറയുമ്പോ നിങ്ങള്‍ വിശ്വസിക്കാതിരിക്കരുത്!!! ) .  എന്തായാലും പ്രസ്തുത 67.92% ആളുകള്‍ അറിയാന്‍ വേണ്ടി വിവരിക്കട്ടെ - ഏസി ലക്ഷ്വറി ബസുകളുടെ അടിയില്‍ വിശാലമായ ഒരു അറയുണ്ട് . അവിടെയാണ് പാര്‍സലുകളും മറ്റും വെക്കുന്നത് . ആ സ്ഥലത്ത് ഒരു ബൈക്ക് സുഖമായി ഇരിക്കും . ബാന്‍ഗ്ലൂര്‍ വരെ ബൈക്ക് ഓടിച്ചു പോവാന്‍ മടിയുള്ളവര്‍ക്ക് ആ സ്ഥലം ഉപകാരപ്പെടുത്താം .  താഴെയുള്ള ചിത്രം കാര്യങ്ങള്‍  കൂടുതല്‍ 'വ്യക്തമാക്കും' :

ഔത്ത് കേറി കുത്തിര്ക്കീന്‍ :p

February 2013 : കാടും മലയും പുഴയും കടന്ന്......
---------------------------------------------------------------------
ആന്ധ്രപ്രദേശ്‌ രെജിസ്ട്രെഷനില്‍ ഹാരിസിന്‍റെ ബൈക്ക് കണ്ടത് മുതല്‍ എന്‍റെ ഫാന്റസി ആയിരുന്നു ബൈക്കില്‍  ഒരു ലോങ്ങ്‌ ട്രിപ്പ്‌ . ഇന്നത് ഒരു അഡിക്ഷന്‍ ആണ് . ഞാന്‍ ആദ്യമായി ബാന്‍ഗ്ലൂര്‍ നിന്ന്  ബൈക്കില്‍ പശ്ചിമഘട്ടം കടന്ന് പൊന്നാനിയിലെത്തിയത് ഫെബ്രുവരി 2013 ഇല്‍ . യുണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞാലുള്ള അവധിക്ക് നാട്ടില്‍ ബൈക്കില്ലാതെ പറ്റില്ല . അങ്ങനെ പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാനും അടുത്ത കൂട്ടുകാരന്‍ ഫൈസല്‍ മുഹമ്മദലിയും കൂടി എന്റെ പള്‍സര്‍ 180 ഇല്‍ പുറപ്പെട്ടു . നന്നായി ഉറങ്ങിയിട്ട് രാവിലെ എഴുന്നേറ്റു പോവാനായിരുന്നു പദ്ധതി . ഞാന്‍ രാത്രി ഒരുമണി മുതല്‍ അഞ്ചുമണി വരെ നന്നായുറങ്ങിയെങ്കിലും യാത്രാക്ഷീണത്തിന്റെ കാര്യം പേടിയുണ്ടായിരുന്നു . രാവിലെ ഏഴു മണിക്ക് ഞങ്ങള്‍ ഇറങ്ങി . മൈസൂര്‍ റോഡിലേക്ക് വച്ചു പിടിച്ചു . മൈസൂര്‍ - ബാന്‍ഗ്ലൂര്‍ ഹൈവേ ഒരൊന്നൊന്നര സംഭവം തന്നെ . പൊളപ്പന്‍ റോഡ്‌ . കിടു റോഡ്‌സൈഡ് . അന്നത്തെ ഉയര്‍ന്ന വേഗത 109 Km/hr .

ഞാനും ബൈക്കും (പശ്ചാത്തലത്തില്‍ ഏതോ ബസിന്‍റെ ടയറും )
ഫൈസലും ഓന്‍റെ  ഒലക്കേമെലെ പോസും

പത്തു-പത്തര ആവുമ്പോള്‍ മൈസൂര്‍ എത്തി ഭക്ഷണം കഴിച്ചു . അവിടെ നിന്ന് ഊട്ടി-കാലിക്കറ്റ് റോഡില്‍ കയറി . മൈസൂര്‍ നിന്ന് വണ്ടിയെടുത്ത ഫൈസലിനു ഒരു KarnatakaRTC ബസുമായി ഞാന്‍ ജീവിതത്തില്‍ മറക്കാത്ത ഒരു Close-Call , എന്നുവച്ചാല്‍ , മുട്ടി മുട്ടീല എന്ന മട്ടിലുള്ള ആ സംഗതി .


വീണ്ടും ഫൈസല്‍ , വിത്തൌട്ട് ഒലക്കേമെലെ പോസ്

ബൈക്കിന്‍റെ പിന്നില്‍ സുഖമായിരിക്കുന്നതിനേക്കാള്‍ നല്ലത് ബൈക്ക് ഓടിക്കുന്നത് തന്നെയാണ് . പിന്നില്‍ വെറുതെ ഇരുന്നാല്‍ നടുവിന്റെ മുല്ലപ്പെരിയാര്‍ പൊട്ടും . ഡ്രൈവ് ചെയ്യുന്ന ആള്‍ക്ക് താരതമ്യേന ക്ഷീണം കുറവായിരിക്കും .  അങ്ങനെ ഞങ്ങള്‍ ഗുണ്ടല്‍പേട്ട് എത്തി . അവിടെയാണല്ലോ ഊട്ടിയിലേക്കും വയനാട്ടിലേക്കും വഴി പിരിയുന്നത് . വയനാടന്‍ കാടുകളിലേക്ക് കടന്നപ്പോള്‍ തോന്നി കാടാകെ ക്ഷീണിച്ചിരിക്കുന്നുവെന്ന് . ഉണങ്ങിക്കരിഞ്ഞു പോയ ഒരു കാടിനെയാണ് ആ ഫെബ്രുവരിയില്‍ ഞാന്‍ കണ്ടത് .

ഇതെന്ത് കാട് ?

കാട്ടില്‍ കയറി കുറച്ചങ്ങു പോയപ്പോള്‍ ഒരു ബൈക്കുകാരന്‍ അപ്പുറത്ത് ആനയുണ്ട് സൂക്ഷിക്കണമെന്ന് പറഞ്ഞു . അത് പ്രതീക്ഷിച്ചു തന്നെയാണല്ലോ വന്നത് . അതൊക്കെയല്ലേ ഇതിന്റെയൊരു മറ്റേത് . പക്ഷെ പേടി തോന്നി . വേണം , ന്നാലോ മാണ്ട . അങ്ങനെയൊരു അവസ്ഥ . പ്രിയ വായനക്കാര്‍ ഇങ്ങനെയുള്ള ചില സന്ദര്‍ഭങ്ങള്‍ താഴെയുള്ള കമെന്റ് ബോക്സില്‍ എഴുതുമല്ലോ ..... ആഗ്രഹവും ഭയവും കലര്‍ന്ന ......... ആ , അതെന്നെ .


( തുടരും ....... തുടരട്ടെ ? )


Saturday, April 6, 2013

അല്‍ - സ്റ്റീല്‍ അഥവാ ഞാന്‍ ടെര്‍മിനേറ്റര്‍ ആയ കഥ


എന്‍റെ നാലാം ക്ലാസിലെ അവധിക്കാലം ഒരു സംഭവം തന്നെയാണേയ് .അന്നൊക്കെ മീനിന്‍റെ സ്വാഭാവമാണ്‌ട്ടോ - മീനെപ്പോഴും നീന്തിക്കൊണ്ടിരിക്കുവാണല്ലോ .  ഞാനെപ്പോഴും കളിയിലും വായനയിലും ബിസിയാവും . അത് നിര്‍ത്തിയാല്‍ വെള്ളത്തീന്നു ചാടിയ മീനിന്‍റെ പോലെ എനിക്ക് ശ്വാസം മുട്ടും . അന്നെന്റെ സൗന്ദര്യവും ആത്മാവും സ്വത്വവും അനന്തവിഹായസിലെ ആന്തോളനവും എന്ന് വേണ്ട എന്‍റെ എല്ലാമെല്ലാം കളി ആയിരുന്നു - ഫുട്ബാള്‍ ,ക്രിക്കെറ്റ് ,ഗോള്‍ഫ് , ചെസ് ,ഡോമിനോസ് ,കംപ്യുട്ടര്‍  വീഡിയോ ഗേംസ്   ഏത് കളി ആയാലും എനിക്ക് ഡോമിനേറ്റ് ചെയ്യണമെന്ന വാശിയാണ് .മൊസൈക്ക് ഇട്ട വീട്ടിന്‍റെ ഹാളില്‍ ക്രിക്കെറ്റ് ബാളും ഷട്ടില്‍ ബാറ്റും വച്ച്  ഞാന്‍ ആവിഷ്കരിച്ച ഹോക്കിക്ക്  പേറ്റന്റ് ഇതുവരെ ആയിട്ടില്ല . വെയിലെന്നോ മഴയെന്നോ ഇല്ലാത്ത ആ കളിപ്രാന്തിനു സമാസമം കുളിപ്രാന്ത് കൂടി ഉണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ കറുത്ത് പോവില്ലായിരുന്നു . വായനാന്നു പറഞ്ഞാല്‍, വായിച്ചുകൊണ്ടിരിക്കുംബം കൊടുങ്കാറ്റടിച്ചാല്‍ പിറ്റേന്നത്തെ പത്രം വായിച്ചാണ് കാറ്റിന്‍റെ വിവരം ഞാനറിയുകയുള്ളൂ . ഒരു ദിവസം രണ്ടു ബുക്ക് എടുക്കണമെങ്കില്‍ ഇരട്ടി മെമ്പര്‍ഷിപ് എടുക്കണം  , അതോണ്ട് ലൈബ്രറിയില്‍ ഇരട്ടി പൈസ (അഞ്ചോ പത്തോ ) വേണം വാപ്പാ എന്ന് വാപ്പാനെ പറഞ്ഞു മനസിലാക്കാന്‍ ഞാന്‍ പെട്ട പാട് ഇങ്ങക്കൊന്നും മനസിലാവൂല .കാരണം , ദിവസവും പോയി ബുക്കെടുക്കുന്ന ചെക്കന് ഇനിയെന്തിനാണ് രണ്ട് ബുക്ക് ?

ഇത് പശ്ചാത്തല വിവരണം .  പറഞ്ഞു വന്നത് , നാലാം ക്ലാസിലെ അവധിക്കാലം . പരീക്ഷ കഴിഞ്ഞു അവധി ആര്‍മാദിക്കാന്‍ തയ്യാറായി ഞാന്‍ നില്‍ക്കുമ്പോ ഏപ്രില്‍ നാലിന് രാവിലെ ഉമ്മ എനിക്ക് അന്ന് വളരെ ഇഷ്ടമുണ്ടായിരുന്ന "പോള" ആണ് ബ്രേക്ഫാസ്റ്റ് എന്ന് പ്രഖ്യാപിക്കുന്നു . ഞാന്‍ സുബ്ഹിക്കെണീച്ച് മാങ്ങപെറുക്കലും സുലയ്മാനിയും പത്രം വായനയും കഴിഞ്ഞു ബാറ്റും ബോളുമെടുത്തിറങ്ങി . സാമഗ്രികളൊക്കെ എടുത്തു എല്ലാവരേം വിളിച്ചു കളി തുടങ്ങുന്നതൊക്കെ കണ്ടാല്‍ തോന്നും ഇവനാണ് നേതാവെന്നു . പക്ഷെ , ഞാനന്ന് ചെണ്ടയായിരുന്നു . എല്ലാ കൂട്ടത്തിലും ഏതു തൊരപ്പനും ഒന്ന് തോണ്ടിക്കളിക്കാന്‍ ഒരുത്തന്‍ ഉണ്ടാവുമല്ലോ . അതിനെയാണ് ഞാന്‍ ചെണ്ട എന്നുദ്ദേശിച്ചത് . ഞമ്മള് നല്ലത് പറഞ്ഞാലും വെടക്ക് പറഞ്ഞാലും വെര്ണോനും പോണോനും ഒന്ന് കൊട്ടിയിട്ടു പോവും - ചെണ്ട . എന്‍റെ കളിക്കൂട്ടത്തില്‍ ഏറ്റവും ജൂനിയര്‍ ഞാനായിരുന്നത്കൊണ്ടും വ്യത്യസ്തമായ സ്വഭാവരീതി കൊണ്ടും പിന്നെന്താപ്പൊ പറയ ഭാഗ്യം കൊണ്ടും ഞാനായിരുന്നു ചെണ്ട  . അഭിമാനത്തില്‍ തൊട്ടാല്‍ എന്‍റെ കുരു പൊട്ടിക്കാമായിരുന്നു . "ആണാണെങ്കില്‍ ......." എന്ന് പറഞ്ഞു തുടങ്ങുന്ന ഏതു വെല്ലുവിളിയും കുറഞ്ഞ ചിലവില്‍ അന്ന് ഞാനെറ്റെടുക്കും .

അപ്പൊ ഏപ്രില്‍ നാല്. പതിവുപോലെ അന്ന് രാവിലെയും കളിസാമഗ്രികലുമായിറങ്ങി  രാവിലത്തെ കളി കഴിഞ്ഞു വന്നു . "പോളപ്രഖ്യാപനം" കഴിഞ്ഞത് മുതലെന്‍റെ നാവു പോളയെയും കാത്തു മണിയറയിലെ മണവാട്ടിയെപ്പോലങ്ങനെ ഇരിക്കുവാരുന്നു . കളി കഴിഞ്ഞു വന്നു നോക്കുമ്പോള്‍ പോള വേവുന്നെ ഉള്ളൂ . ഞാനാണെങ്കില്‍ വെള്ളത്തിലിട്ട മീനാണല്ലോ .പോള വേവുന്നത് വരെ  അപ്പൊ ഇനി എന്ത് ചെയ്യും ? വീട്ടില്‍ ടീവി ഇല്ല . കമ്പ്യുട്ടറില്‍ ആണെങ്കില്‍ ഇക്കാക്ക കുടിയിരുന്നിരിക്കുന്നു . ഇനി ഇക്ക എങ്ങോട്ടെങ്കിലും ഇറങ്ങിയാലെ കുടിയൊഴിയുകയുള്ളൂ . കുടിയൊഴിപ്പിക്കാന്‍ എന്റെലും ചില മന്ത്രങ്ങളൊക്കെയുണ്ട് . തല്‍ക്കാലം വേണ്ട . പോള വേവുന്നത് വരെയുള്ള സമയം എന്ത് ചെയ്യും ? വെറുതെ ഇരിക്കാന്‍ പറ്റില്ല . ഞാനെന്‍റെ നീല M.T.B(Maarada Thendi Brake-illa എന്നാണത്രേ ഫുള്‍ ഫോം ) സൈക്കിള്‍ എടുത്തു "റൌണ്ട്സിനിറങ്ങി" . ചീറിപ്പാഞ്ഞു വന്നു പറമ്പിന്റെ അറ്റത്തു നിന്ന് പാടവരമ്പ് പോലുള്ള റോഡിലെക്കെത്തി . ഇരുവശത്തും പാടല്ലേ പാടം (കുയ്യല്ലേ കുയ്യ്) . നോക്കുംബതാ വരുന്നു അപ്പുറത്തെ വീട്ടീന്ന് പാല് കൊണ്ടത്തരുന്ന ഷഫീക്ക്  സൈക്കിളില്‍ . സത്യായ്ട്ടും ഓന് റോഡിന്‍റെ(വഴിയുടെ) വലതുവശത്തൂടെ ആണ് സൈക്കിള്‍ ഓട്ടിച്ചിരുന്നത് .  നിയമം മനസാ വാചാ കര്‍മണാ പാലിക്കുന്ന ഞാന്‍ റോഡിന്‍റെ ഇടതുവശത്ത് അങ്ങോട്ടും . മൂപ്പര് നിയമം തെറ്റിച്ചത് ഇഷ്ടായില്ലെങ്കിലും ഞാന്‍ സൈഡ് മാറിക്കൊടുത്തു . നോക്കുമ്പോ മൂപ്പരും സൈഡ് മാറി .ഞാന്‍ വീണ്ടും സൈഡ് മാറി . മൂപ്പരും . നിര്‍ഭാഗ്യമെന്നു പറയട്ടെ , പിന്നെ സൈഡ്മാറിക്കളി തുടരാന്‍ പറ്റിയില്ല - കൂട്ടിയിടിക്കാന്‍ പോയ സൈക്കിള്‍ ഞാന്‍ വെട്ടിച്ചത് നേരെ പാടത്തേക്ക് . ഒരു നിമിഷത്തേക്ക് സ്വര്‍ഗത്തിലെത്തിയോ എന്ന് ഞാന്‍ സംശയിച്ചു . ഇല്ല, പാടത്ത് തന്നെയാണ് . ഇടതു കൈ കുത്തി എണീക്കാന്‍ നോക്കി . ന്ദെ !!! കൈയ്യെവിടെ ? വലതു കൈ കുത്തി എണീച്ചു നോക്കുമ്പോള്‍ ഇടതു കൈ മുട്ടില്‍ തൂങ്ങി കിടപ്പുണ്ട് . ഒടിഞ്ഞിരിക്കുന്നു . സന്തോസായി . വലതു കൈ ആയിരുന്നെങ്കി പോള തിന്നാന്‍ പറ്റില്ലായിരുന്നു . അല്ല മോനേ , ഇങ്ങനെ പാടത്ത് കിടന്നാ മത്യാ ? എണീച്ചു . ഷഫീക്ക് സൈക്കിളും ഉരുട്ടി കൂടെ നടന്നു . എനിക്ക് നീരസം തോന്നി - ഓടിക്കാനറിയാതെ മനുഷ്യനെ തള്ളിയിട്ടു കയ്യൊടിച്ചു ഇപ്പൊ വല്യ രക്ഷകന്‍ വന്നിരിക്കണ് , ഹും !

മണ്ടിപ്പാഞ്ഞു കുടീലെത്ത്യെപ്പോ വീട്ടുകാര്‍ക്കാകെ സര്‍പ്രൈസ് . അങ്ങനെ നേരെ ആശുപത്രിയിലേക്ക് .  സത്യം പറയാലോ , അന്ന് ആശുപത്രിയില്‍ സ്ട്രെച്ചറില്‍ കിടത്തി കൊണ്ടോവുമ്പോള്‍ ആളുകള്‍ എന്തോ വല്യ സംഭവം എന്ന പോലെ നോക്കിക്കൊണ്ടിരുന്നതായിരുന്നു കയ്യൊടിഞ്ഞു തൂങ്ങി അങ്കലാപ്പിലായ എന്‍റെ ഏക ആശ്വാസം - ഹാവൂ ! ഞാനും ഒരു "വല്യ രോഗി" ആയിരിക്കുന്നു (നഊദുബില്ലാഹ്) . അങ്ങനെ സ്കാനിങ്ങും ചെക്കിങ്ങുമെല്ലാം കഴിഞ്ഞപ്പം ഡോക്ടര്‍ പറഞ്ഞു , "സ്റ്റീല്‍ ഇടണം" . അപ്പളും സന്തോസം . ഹായ് , കയ്യിന്‍റെ ഉള്ളീല് സ്ട്ടീലൊക്കെ ഇട്ടു ടെര്‍മിനേറ്റര്‍ മാതിരി , എന്‍റെ പൊന്നെ ! . സ്ട്ടീലിട്ടു രണ്ടു ദിവസം നല്ല വേദനയായിരുന്നു . ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു "ഒന്നര മാസം റെസ്റ്റ് വേണം" . പടച്ചതംബുരാനെ !!! ദാ കെടക്കണ് എന്‍റെ സമ്മര്‍ വെക്കേഷന്‍ . പത്തു മാസം കാത്തിരുന്നു പെറ്റ പോലെ പത്തു മാസം സ്കൂളീ പോയി കിട്ടിയ ന്‍റെ വെക്കേഷന്‍ ! സങ്കടം സഹിക്കാന്‍ പറ്റീല . "സാര്‍ , എന്തെങ്കിലും ഡിസ്കൗണ്ട് ? " . "കയ്യനക്കാതെ ഒരു ഭാഗത്ത് കിടന്നു നല്ലോണം റെസ്റ്റ് എടുത്തില്ലെങ്കില്‍ കൂടുതല്‍ കിടക്കേണ്ടി വരും" അത്രേയുള്ളൂ . അങ്ങനെ വീട്ടില്‍ വന്നു ഒന്നര മാസം കിടന്നു . വായനാശീലമെങ്കിലും ഉണ്ടായത് നന്നായി  . അല്ലെങ്കി ഞാന്‍ തുരുംബെടുത്തെനെ . ഒന്നര മാസത്തിനിടക്ക് പല തവണ പറഞ്ഞിരുന്നു , "ഇപ്പൊ ജോയിന്‍റ് ആയെന്നു തോന്നുന്നു , ഇനി അയ്ച്ചാലോ ? " . ആറ്റുനോറ്റൊരു വേനലവധി പാടത്ത് വീണ് പോയി എന്ന് കവി പാടിയിട്ടുണ്ട് .
എന്നാലും ഒരിക്കലും തിന്നാന്‍ പറ്റാത്ത അന്നത്തെ പോളയുടെ രുചി നാവിലുണ്ട് . പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും ...................


കാണാനൊരു ലുക്കില്ല്യാന്നെ ഒള്ളൂ ! ;)Saturday, January 19, 2013

പ്രവാസീ , എന്താണ് അന്‍റെ കൊയപ്പം ?


അല്ല , എന്താണ് നിങ്ങളുടെ പ്രശ്നം ? നിങ്ങള്‍ കൊല്ലാക്കൊല ചെയ്യപ്പെടുകയാണെന്നു കേട്ടിട്ട് നെഞ്ചകം പൊള്ളി മേപ്പട്ടും കീപ്പട്ടും നിക്കാന്‍ പറ്റണില്ല നിക്ക് . നിങ്ങള്‍ കൊടുത്തയക്കണ റിയാലിന്റെ വൈദ്യുതിയില്‍ ഫെയ്സ്ബുക്കില്‍ കേറുന്ന ഞങ്ങള്‍ പാവം കേരളത്തിലെ പിച്ചക്കാര്‍ക്ക്‌ ഇതൊക്കെ കേട്ടാല്‍ ഒറക്കം നല്ലോണം വര്വോ ?

ഇന്നാലും പടച്ചോന്‍ നിങ്ങളെ മാത്രം പ്രവാസി ആക്കീട്ട് ഞങ്ങളെ മഹാബലിയുടെ സുന്ദര കേരളത്തില്‍ വാഴാന്‍ വിട്ടത് അനീതിയല്ലേ ? ആണോ ? അല്ലേ ? ആണ്  ആണ് .

അല്ലാ , നിങ്ങള്‍ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് പ്രവാസി ആവാന്‍ നിന്നത് ? "ആരും പ്രവാസി ആയി ജനിക്കുന്നില്ല . ജീവിത സാഹചര്യങ്ങള്‍ അവനെ പ്രവാസി ആക്കുകയാണ്" . ആ പാട്ട് ഇജ്ജ് ഞമ്മളടുത്ത് പാടണ്ട . ചെങ്ങായി , ജീവിത സാഹചര്യങ്ങളില്‍ അവന്‍ പ്രവാസി ആവുകയാണ് എന്ന് പറഞ്ഞോളീ . ഞമ്മക്കൊരു കുഴപ്പവും ഇല്ല  . നിങ്ങള്‍ കുറേ കാലമായല്ലോ പറയുന്നു ഈ പ്രവാസത്തിനു നിര്‍ബന്ധിക്കുന്ന സാഹചര്യം . എങ്ങനെയാണ് ഈ പ്രവാസത്തിനു നിര്‍ബന്ധിതനാവുന്ന സാഹചര്യം (അക്കരെയുള്ള ദിര്‍ഹം മോഹം അല്ലാതെ) എന്ന് ഒന്ന് പറഞ്ഞു തര്വോ ?

പറഞ്ഞു പറഞ്ഞു കുറച്ചങ്ങെത്തിയാല്‍ നിങ്ങള്‍ പറയാന്‍ തുടങ്ങും കേരളത്തിന്‍റെ സാമ്പത്തിക മേഖല നിയന്ത്രിക്കാന്‍ നിങ്ങള്‍ പെടുന്ന പെടാപാട് . അതൊക്കെ ഒള്ളയാണോ മാഷെ? കെട്ട്യോള്‍ടെ കെട്ടുതാലി വിറ്റ് എയര്‍ ഇന്ത്യാന്‍റെ പാട്ടവണ്ടി കേറി കേരളത്തിന് സാമ്പത്തികം ഉണ്ടാക്കാന്‍  മരുഭൂവില്‍ ചെന്നവര്‍ എത്ര ശതമാനം വരും പ്രവാസികളില്‍ ?  സാമ്പത്തിക മേഖല നിയന്ത്രിക്കാനാണോ അറബിയുടെ ആട്ടും തുപ്പും കേട്ടും അല്ലാതെയും നാടും വീടും വിട്ടു പൊരിവെയിലത്ത് കഷ്ടപ്പെടുന്നത് ? ('എല്ലാ പ്രവാസികളും' പൊരിവെയിലത്തും  കൊടും തണുപ്പത്തും കഷ്ടപ്പെട്ട് പണിയെടുത്താണ് ചീര്‍ത്തു വരുന്നതെന്ന് പ്രവാസോപീടിയ ഒന്നാം വാല്യം രണ്ടാം ഖണ്ഡത്തില്‍ പറയുന്നുണ്ട് . പൊരിവെയില് ചേര്‍ക്കാത്ത പ്രവാസം ഫെയ്സ്ബുക്കില്ലാത്ത നെറ്റ് പോലെയാണ് എന്ന് പ്രവാസിമതം. )

എന്‍റെ അറിവില്‍ സാമ്പത്തിക മേഖലക്ക് പുട്ടുണ്ടാക്കാന്‍ ആരും ഗള്‍ഫില്‍ പോയിട്ടില്ല . നാട്ടാരുടെ പൈപ്പ് മാറ്റാന്‍  നാട്ടിലും ആരും ഒരു ചായക്കട പോലും നടത്തുന്നില്ല . എന്നുവച്ച് ചായക്കടക്കാരന്‍ ഹംസക്ക സ്വാര്‍ഥന്‍ ആണെന്നാണോ പറയുന്നത് ? ഒരിക്കലുമല്ല. പ്രവാസി ആവുന്നതും നാട്ടില്‍ മുട്ടില്ലാണ്ട് ജീവിക്കാന്‍ കഷ്ടപ്പെടുന്നതും ഒക്കെ മാന്യമായ ഉപജീവന മാര്‍ഗങ്ങള്‍ ആണ്. അതിനെ അങ്ങനെ കാണുന്നതിനു പകരം സാമ്പത്തിക മേഖലാ ബഡായി ഇറക്കി വെറുതെ മമ്മൂഞ്ഞ് ആവണ്ട നിങ്ങള്‍ . "മലയാള സിനിമക്ക് വേണ്ടി ഒട്ടേറെ ത്യാഗങ്ങള്‍ അനുഭവിച്ച ആ രണ്ടു മഹാനടന്മാര്‍""," എന്ന് പണ്ടെവിടെയോ വായിച്ചപ്പോള്‍ അന്ന് ത്യാഗം എന്ന വാക്ക് എന്‍റെ മനസ്സില്‍ കുത്തിക്കീറി പരിശോധനക്ക് വിധേയമായി . (ഫാന്‍സുകാര്‍ മറുപടി പറയണ്ടാ. ഞാന്‍ മൈന്‍ഡ് ചെയ്യൂല ) .

നിങ്ങള്‍ പറയും നിങ്ങളെ ഇപ്പോള്‍ മലയാളി വിലമതിക്കുന്നില്ല , പരിഗണിക്കുന്നില്ല  എന്നൊക്കെ. ആണോ ? അതൊക്കെ തോന്നലാണ്. ആര്‍ക്കാണിവിടെ പ്രവാസിയെ പുച്ഛം ?  ദിര്‍ഹം ഉണ്ടാക്കുന്ന ചെക്കന്മാര്‍ക്ക് (അതെത്ര കുറഞ്ഞാലും ശരി) നാടന്‍ ചെക്കന്മാരുടെ മേല്‍ വിവാഹക്കമ്പോളത്തില്‍ ഉള്ള മേല്‍കോയ്മ ഇനിയും തകരാത്തത് തന്നെ ഒരുദാഹരണം. അതില്‍ പ്രതിഷേധിച്ചു വികാരനിര്‍ഭരമായ കുറച്ചു പോസ്റ്റുകള്‍ ഇറക്കൂ എന്നാണു നാടന്‍ ചൊപ്പന്മാ......... ഛെ ! ചെക്കന്മാരോട് അനിയനെന്ന നിലയില്‍ എനിക്ക് പറയാനുള്ളത്. നമ്മുടെ നാട് കാണാന്‍ വരുന്ന , നമ്മുടെ സംസ്കാരത്തോട്‌ അല്പം ബഹുമാനമുള്ള സായിപ്പന്മാരോട് ഉണ്ട് മലയാളിക്ക് പുച്ഛം. ബിയ്യം കായല് കാണിച്ചു ഗംഗാ നദി എന്ന് പറഞ്ഞേക്കാം ചിലപ്പോ അവരോടു . അത്രക്കും പുച്ഛം നാടും വീടും വിട്ടു ഉന്നതമായ ബുദ്ധിയും ശരീരവും അന്യനാട്ടില്‍ ചിലവഴിച്ചു സ്വന്തം ഗജനാവ് നിറക്കുന്ന വല്യ കോര്പരെറ്റ് പ്രവാസികളോട് ഇല്ല.

പ്രവാസം എന്ന് പറഞ്ഞാല്‍ പ്രവാസം തന്ന്യാ. അന്യദേശത്ത് വസിക്കുന്നവനാണ് പ്രവാസി . കുടിയേറുന്നത് പോലെ അല്ല. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ ഒരു അന്യതാ ബോധം ഉണ്ടാവില്ല. അവര്‍ ഇങ്ങോട്ട് പറിച്ചു നട്ടവരാണ് . അവര്‍ ഇനി ഇവിടത്ത്കാരാണ് . എന്നാല്‍ പ്രവാസി എപ്പോഴും മലപ്പുറം സ്വദേശി ആയ ഒരു ഖത്തര്‍ പ്രവാസിയോ കൊല്ലം സ്വദേശി ആയ സൗദി പ്രവാസിയോ ആണ് . പൊന്നാനിക്കാരന്‍ ആയ അമേരിക്കന്‍ പ്രവാസി ; അങ്ങനെയും പറയാം. ഈ പ്രവാസികള്‍ എല്ലാം തന്‍റെ സ്വത്വമലയുന്ന നാടിനെ കുറിച്ചുള്ള ഓര്‍മയിലാണ് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത് . നാടിനോട് ചേരാന്‍ ഉള്ളം തുടിക്കുകയാണ് . ആ തുടിപ്പ് ഈ വിരഹം അറിയാത്തവര്‍ക്ക് മനസിലായിക്കൊള്ളണമെന്നില്ല. എന്‍റെ ഒരു അടുത്ത ബന്ധു പ്രവാസി ഇന്നേവരെ എന്‍റെ വീട്ടിന്‍റെ സിട്ടൌട്ടിലെ പ്രകൃതിഭംഗി ആസ്വദിച്ചു കഴിഞ്ഞിട്ടില്ല. എനിക്കാണേല്‍ ഇക്കണ്ട കാലം വരെയും അവിടെ ഒരു ഭംഗിയും തോന്നിയിട്ടുമില്ല . ഈ ഗൃഹാതുരത നാടിനെ സ്നേഹിക്കുന്ന എല്ലാ പ്രവാസിക്കും സ്വാഭാവികമായും ഉണ്ടാവേണ്ടത് തന്നെ. അതുപോലെ , സ്നേഹിക്കുന്നവരോടുള്ള വേര്‍പാടും . ഇതിലെല്ലാം ഭീകരമാണ് നഗരജീവിതത്തിലെ യാന്ത്രികത .

ഇതെല്ലാം സമ്മാനിക്കുന്ന മാനസിക അരക്ഷിതാവസ്ഥ ആണ് ഇരുപത്തിനാല് മണിക്കൂറും ഫെയ്സ്ബുക്കില്‍ ഇരിക്കുന്ന പ്രവാസികളെ പോലും രോദനങ്ങളുടെ സുനാമി തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ജോലിസ്ഥലത്ത് പ്രശ്നം , താമസിക്കുന്ന റൂമില്‍ വെള്ളമില്ല , വരുന്ന ബീമാനത്തില്‍ പ്രശ്നം , അന്‍റെ പത്രാസ് കണ്ടു വെള്ളമൊലിപ്പിച്ചു പൌണ്ടരിട്ടൊരു അന്‍റെ മോന്തമ്മേ നോക്കാതെ  പോക്കെറ്റിലേക്ക് നോക്കുന്ന എച്ചി നാട്ടുകാരും പ്രശ്നം . പ്രശ്നോട് പ്രശ്ന് !!! എന്നാ പിന്നെ ഇങ്ങട്ട് പോരെ ചെങ്ങായീ    എന്ന് പറഞ്ഞാല്‍ ജീവിതം എന്നെ പ്രവാസി ആക്കുന്നതാണ് എന്ന പാട്ട് പിന്നേം ഒന്നുടെ ശ്രുതി കൂട്ടി പാടും .

മലയാളി എന്ന നിലയില്‍ നമ്മുടെ ദുരഭിമാനം ചെയ്യാന്‍ അനുവദിക്കാത്ത  തൊഴിലില്ലായ്മയെ ഈ മലയാളനാട്ടിലുള്ളൂ . പിന്നെ , നീ ഓരിയിടുന്ന തൊഴിലിടങ്ങളിലെ പ്രതിസന്ധികള്‍ ഉണ്ടല്ലോ , അതൊക്കെ ഇവിടെയും ആവശ്യത്തിനും അനാവശ്യത്തിനും ഉണ്ട്. പ്രതിസന്ധി ഉള്ള ഇവിടത്തെ തൊഴിലുകളെ നീ തഴഞ്ഞതാണ് നിനക്ക് അത് അറിയാത്തത്. നമ്മളെല്ലാം ആട്ടുകയും തുപ്പുകയും വെറുക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ചുവപ്പ്നാടയിലും അവര്‍ക്ക് അവരുടേതായ പ്രശ്നങ്ങള്‍ ഉണ്ട് , മാനസികമായതും മറ്റും . തീര്‍ച്ചയായും പ്രതികരിക്കുകയും വേണം . എന്നാല്‍  , പ്രവാസിയുടെ തേങ്ങല്‍ കുറച്ചു കടുപ്പം തന്നെ . മുകളില്‍ പറഞ്ഞതും പറയാത്തതുമായ അനേകം മാനസിക സമ്മര്‍ദങ്ങള്‍ ആവാം അതിനു കാരണം .

ഈ രോദന ഉടായിപ്പില്‍ പ്രവാസിക്ക് മാച്ച് ഒത്ത ചരക്ക് ആണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രോദനം . രണ്ടു പേജ് എഴുതിയാ രണ്ടു മാര്‍ക്ക് തരുള്ളൂ , വര്‍ക്ക്ഷോപ്പ് ലാബില്‍  കയറിയാല്‍ നരകയാതനയാണ് തുടങ്ങി അവര്‍ക്കും ഉണ്ട് രോദനങ്ങളുടെ ഒരു നീണ്ട നിര.

ഈ രണ്ടു ടീമിനോടും എനിക്ക് പറയാനുള്ളത് , വെയ്ക്കൂലെങ്കി ഈ പരിപാടിക്ക് നിക്കണാ മക്കളേ? എന്നാണു .  ജന്മം കൊണ്ടോ വിധി കൊണ്ടോ ആരും പ്രവാസി ആവുന്നില്ല . തീരുമാനം കൊണ്ട് തന്നെയാണ് . ഇനി , അതല്ല തന്നിഷ്ടപ്രകാരം അല്ലാതെ നിര്‍ബന്ധിതമായി തൊഴിലെടുക്കേണ്ടി വരുന്നവര്‍ ഉണ്ടെങ്കില്‍ അത് നിയമലംഘനവും അവകാശനിഷേധവുമാണ് . അവരെ "മോചിപ്പിക്കെണ്ടതുണ്ട്" . അന്തസ്സായി ആണത്തത്തോടെ ചങ്കുറപ്പോടെ ഞാനെന്‍റെ ജീവിതം കരുപ്പിടിപ്പിക്കുന്നു എന്ന ആത്മവിശ്വാസത്തിന് പകരം മരുഭൂവിലെ ചൂടും കേരവൃക്ഷനാട്ടിലെ നാടും കാടും മലയും പുഴയും തോടും(റോഡും) താരതമ്യം ചെയ്തു നെടുവീര്‍പ്പിന്റെ അസുഖം പിടിപെട്ടവര്‍ തങ്ങളുടെ ജീവിതം നശിപ്പിക്കുകയാണ്.

പ്രവാസികള്‍ രാഷ്ട്രീയമായി തഴയപ്പെടുന്നു എന്നത് വേറൊരു വിഷയമാണ് . അത് ഒരുമിച്ചു നിന്ന് പരിഹാരം കാണുകയാണ് വേണ്ടത് .  എയര്‍ ഇന്ത്യ വിഷയം ഒരു പ്രവാസി വിഷയം ആയി എനിക്ക് തോന്നുന്നില്ല . അതില്‍ ഇത്ര "പ്രവാസി വൈകാരികത" കലര്‍ത്തെണ്ട കാര്യമില്ല . കാരണം , എയര്‍ ഇന്ത്യക്ക് അതിന്‍റെ യാത്രക്കാരോടെ ശത്രുത ഉള്ളൂ . പ്രവാസികളോടല്ല . വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞപോലെ, മുഖ്യമന്തിരി യാത്ര ചെയ്താലും തിരുവനന്തപുരത്ത് ഇറങ്ങാനുള്ള കൊച്ചി ഫ്ലൈറ്റ് വഴിയില്‍ തങ്ങില്ല . എയര്‍ ഇന്ത്യ എന്ന വിമാനക്കമ്പനിയുടെ കുത്തഴിഞ്ഞ സംവിധാനം ആണ് ശരിയാവേണ്ടത്. സ്വകാര്യവല്‍ക്കരണമോ ചക്കയോ മാങ്ങയോ എന്താന്നു വച്ചാല്‍ ചെയ്തു നന്നാക്കാന്‍ നോക്കണം .

പറഞ്ഞുവരുന്നത് , വെറുതെ കിടന്നു നിലവിളിക്കാതെ ഒരുമിച്ചു നിന്ന് നേടാനുള്ള അവകാശങ്ങള്‍ നേടുക . അനാവശ്യ ജാഡ ഒന്നിനും ഉപകാരപ്പെടില്ല എന്നോര്‍ക്കുക. താന്‍ ഏറ്റെടുത്ത ചലെന്ജ് ആണത്തത്തോടെ അഭിമുഖീകരിക്കുക . ഇനി അയ്നുള്ള കപ്പാസിറ്റി ഇല്ലെങ്കി ഇങ്ങോട്ട് പോരെ ; ഇവിടെ കുറെ ഇന്ജിനീരന്‍മാര്‍ തെക്കുവടക്ക് നടക്കുന്നു , ആല്‍ബം പിടിക്കുന്നു . അവരുടെ കൂടെ കൂടാം . അല്ലെങ്കി ഇവിടെ വന്നു വല്ല പലചരക്ക് കട നടത്തിയോ ടാസ്കി ഓടിച്ചോ കെട്ട്യോളും കുട്ട്യോളുമായി അന്തസ്സായി സുഖായി ജീവിച്ചു , അക്കരെയിരുന്നു മോങ്ങുന്ന "പെണ്‍കുട്ടികള്‍ക്ക്" കാണിച്ചുകൊടുക്ക് . അവര്‍ക്ക് അങ്ങാടിയില്‍ ആനപ്പുറത്ത് പോവേം വേണം , ആരുമൊട്ടു കാണാനും പാടൂല്ല !!!
വാലുംകണ്ടം
:- നിങ്ങളുടെ അഭിപ്രായം കമെന്‍റ് ആയി മാറുന്നതിനു മുമ്പ് ഒരു കാര്യം കൂടി അറിയിക്കാന്‍ ആഗ്രഹിക്കുന്നു . പ്രവാസികളോടുള്ള  എന്‍റെ മനോഭാവം  - സഹതാപത്തിണോ ആരാധനക്കോ പകരം , ബഹുമാനം . കാരണം , അവര്‍ പല വെല്ലുവിളികളും ഏറ്റെടുത്തവരാണ്. അവരുടെ കണ്ണീര്‍പുഴ അല്ല എനിക്ക് കാണേണ്ടത് . ചങ്കൂറ്റത്തിന്‍റെയും നിശ്ചയധാര്‍ട്യത്തിന്‍റെയും ഉത്തമോദാഹരണങ്ങള്‍ ആവണം അവര്‍ . (ഞമ്മള് പ്രവാസികളെ ഒരു തെറ്റ് ഉധേഷിചിട്ടില്ല . കഴുത കാമം കരഞ്ഞു തീര്‍ക്കുന്ന പോലെ ചില മേത്തരം പ്രവാസികള്‍ കണ്ണീരൊഴുക്കി അഭ്യാസം കളിക്കാരുണ്ട് . അത് മാത്രമാണ് ഞാന്‍ അന്നും ഇന്നും ഉധേഷിചിട്ടുള്ളത്.)